എഡിറ്റര്‍
എഡിറ്റര്‍
‘നിശ്ചല്‍ പ്രശാന്ത് നിങ്ങള്‍ നല്ലൊരു നടനാണ് പക്ഷേ അഭിനയം അതിരുവിടുന്നു’; പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മേയര്‍ വി.കെ.പ്രശാന്തിനെ പരിഹസിച്ച് കെ. സുരേന്ദ്രന്‍
എഡിറ്റര്‍
Monday 20th November 2017 11:29am

തിരുവനന്തപുരം: നഗരസഭയില്‍ സി.പി.ഐ.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മേയര്‍ വി.കെ.പ്രശാന്തിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. മേയറെ കിലുക്കം സിനിമയിലെ ജഗതിയുടെ കഥാപാത്രമായ നിശ്ചലുമായി താരതമ്യം ചെയ്ത് ‘നിശ്ചല്‍ പ്രശാന്ത്’ എന്ന് വിശേഷിപ്പിച്ച സുരേന്ദ്രന്‍, അദ്ദേഹം നല്ലൊരു നടനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പറഞ്ഞു. അഭിനയം അതിരുവിടരുതെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചു.

ഒരു ദാരുണ കൊലപാതകത്തില്‍ കലാശിച്ച അക്രമപരമ്പര അവസാനിച്ചു കാണാന്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ ഒരുപാട് ആഗ്രഹിച്ചതാണ്. സമാധാനം തകര്‍ക്കാന്‍ എളുപ്പം കഴിയും. മുറിവില്‍ മുളകു തേയ്ക്കുന്ന ഈ ഏര്‍പ്പാട് ഒരു നഗരപിതാവിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് മേയര്‍ക്ക് ഭൂഷണമാണോയെന്നും വലിയ ക്രമസമാധാന തകര്‍ച്ചയിലേക്ക് അതു വഴിവെക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.


Also Read ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ട്; എല്ലാം കുറ്റപത്രത്തില്‍ പറയും; പുതിയ നീക്കവുമായി പൊലീസ്


ഡി. വൈ. എഫ്. ഐ നേതാവില്‍ നിന്ന് തലസ്ഥാനത്തെ നഗരപിതാവിലേക്കുയരാന്‍ മേയര്‍ ഒരുപാട് വളരേണ്ടിയിരിക്കുന്നു. നഗരസഭയില്‍ ആകസ്മികമായുണ്ടായ ഒരു ഉന്തിലും തള്ളിലും വീണ മേയര്‍ എഴുന്നേറ്റ് നടക്കുന്നതും വാര്‍ത്താസമ്മേളനം നടത്തുന്നതും എല്ലാവരും കണ്ടതാണ്.

പണ്ട് നാദാപുരത്ത് എ. കണാരനെ വധിക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞ് ഏഴു ലീഗുകാരെ നിങ്ങളുടെ പാര്‍ട്ടിക്കാര്‍ കൊന്നിട്ടുണ്ട്. പി. ജയരാജനെ കല്ലെറിഞ്ഞു എന്ന കിംവദന്തി പരത്തിയാണ് അരിയില്‍ ഷുക്കൂര്‍ എന്ന ഒരു ചെറുപ്പക്കാരന് സി.പി.എം താലിബാന്‍ മോഡല്‍ വധശിക്ഷ വിധിച്ചത്. അത്തരം അഭ്യാസം കാണിക്കാന്‍ ഈ അവസരം ഉപയോഗിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഡി. വൈ. എഫ്. ഐ നേതാവില്‍ നിന്നും തലസ്ഥാനത്തെ നഗരപിതാവിലേക്കുയരാന്‍ അങ്ങിനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു എന്ന് പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ടെന്നും ഫേല്ബുക്കില്‍ സുരേന്ദ്രന്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം,

തിരുവനന്തപുരം മേയർ നിശ്ചൽ പ്രശാന്ത് ജീ അങ്ങു നല്ലൊരു നടനാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ അല്പം അഭിനയമൊക്കെ ആവാം. എന്നാൽ അഭിനയം അതിരുവിടരുത്. അങ്ങ് ഇരിക്കുന്ന സ്ഥാനത്തിന് അതു യോജിച്ചതല്ല. വലിയ ക്രമസമാധാന തകർച്ചയിലേക്ക് അതു വഴിവെക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വളരെ പണിപെട്ടാണ് തിരുവനന്തപുരം സാധാരണ നിലയിലായതെന്ന് അങ്ങേക്കും അറിവുള്ളതാണല്ലോ. ഒരു ദാരുണ കൊലപാതകത്തിൽ കലാശിച്ച അക്രമപരന്പര അവസാനിച്ചുകാണാൻ തിരുവനന്തപുരത്തെ ജനങ്ങൾ അന്ന് ഒരുപാട് ആഗ്രഹിച്ചതാണ്. സമാധാനം തകർക്കാൻ എളുപ്പം കഴിയും. മുറിവിൽ മുളകുതേക്കുന്ന ഈ ഏർപ്പാട് ഒരു നഗരപിതാവിൻറെ ഭാഗത്തുനിന്നുണ്ടാവുന്നത് അങ്ങേക്കു ഭൂഷണമാണോ? നഗരസഭയിൽ ആകസ്മികമായുണ്ടായ ഒരു ഉന്തും തള്ളിൽ തട്ടിത്തടഞ്ഞുവീണ അങ്ങ് എഴുന്നേററു നടക്കുന്നതും വാർത്താസമ്മേളനം നടത്തുന്നതും മാലോകരെല്ലാം കണ്ടതാണ്. പണ്ട് നാദാപുരത്ത് എ. കണാരനെ വധിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞ് ഏഴു ലീഗുകാരെ നിങ്ങളുടെ പാർട്ടിക്കാർ കൊന്നിട്ടുണ്ട്. പി. ജയരാജനെ കല്ലെറിഞ്ഞു എന്ന കിംവദന്തി പരത്തിയാണ് അരിയിൽ ഷുക്കൂർ എന്ന ഒരു ചെറുപ്പക്കാരന് നിങ്ങൾ താലിബാൻ മോഡൽ വധശിക്ഷ വിധിച്ചത്. ദയവായി അത്തരം അഭ്യാസം കാണിക്കാൻ ഈ അവസരം ഉപയോഗിക്കല്ലേ. ഡി. വൈ. എഫ്. ഐ നേതാവിൽ നിന്നും തലസ്ഥാനത്തെ നഗരപിതാവിലേക്കുയരാൻ അങ്ങിനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു എന്ന് പറയേണ്ടി വരുന്നതിൽ ദുഃഖമുണ്ട്

Advertisement