കണ്ണൂര്‍: ദുബായില്‍ ആശുപത്രിയില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.പി കെ. സുധാകരനെ ഐ.സി.യുവിലേക്ക് മാറ്റിയെന്നും അദ്ദേഹത്തെ തടഞ്ഞുവെക്കാന്‍ നീക്കം നടക്കുന്നുവെന്ന് സംശയിക്കുന്നതായും മകന്. ആശുപത്രിക്ക് സമീപം മലയാളം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മകന് സംജോഗ് സുധാകരന് അടക്കമുള്ളവര്‍ തങ്ങളുടെ സംശയങ്ങള്‍ പങ്കുവെച്ചത്.
നാളെ പാര്‍ലമെന്റില്‍ മണ്ഡല പുനര്‍ നിര്‍ണയ ബില്ലില്‍ വോട്ടെടുപ്പ് നടത്താനിരിക്കെ ആണ് ലോക്സഭാംഗമായ കെ. സുധാകരന്റെ മകന്റെ പ്രതികരണം. ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി സുധാകരന് ഇന്ന് (നവംബര്‍ 29, ഞായര്‍) രാത്രിയോടെ ഇന്ത്യയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ തടഞ്ഞുവെക്കാന്‍ നീക്കം നടക്കുന്നുവെന്ന വെളിപ്പെടുത്തല്‍.
ഇന്നലെ ഞാന്‍ പോകുന്നത് വരെ വലിയ കുഴപ്പം ഉള്ളതായിട്ട് ഡോക്ടര്‍ പറഞ്ഞിട്ടില്ലെന്ന് സുധാകരന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സംജോഗ് പറഞ്ഞു. പിതാവിനെ ഇന്നലെ താന്‍ കയറി കണ്ടിരുന്നു. ഇന്ന് വന്ന് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇവിടെ ഒരു ചെക്കപ്പിന് വേണ്ടി വന്നതാണ്. പക്ഷേ അത് കഴിഞ്ഞ് ഇവര്‍ ചെക്കിങും ടെസ്റ്റും ചെയ്തതിനുശേഷം ഒരു സീരിയസ് ഇഷ്യൂ ഉണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയാണെന്നും ഒബ്സര്വേഷനിലായിരിക്കുമെന്നും പറഞ്ഞു.
എന്സിഫലോപതി എന്നാണ് പറഞ്ഞത്. അത് ബ്രെയിനില്‍ നിന്നും ആവാം ലിവറില്‍ നിന്നും ആവാം എന്ന് പറഞ്ഞു. അത് എവിടുന്നാണെന്നുള്ളത് അറിയാന്‍ വേണ്ടിയിട്ട് അവര്‍ ഇത് ഉള്ളിലേക്ക് മാറ്റി എന്നാണ് പറഞ്ഞത്.
ഇന്ഫെക്ഷന് ആയിട്ടുണ്ട്. അതില്‍ ആള്ക്കാര് കേറി കഴിഞ്ഞാല്‍ പ്രശ്നമാകും. അത് ഹോസ്പിറ്റല്‍ റൂള്‍സിന് എതിരാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞത്,’ സംജോഗ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉണ്ടായിരുന്ന റൂമിലല്ല കെ. സുധാകരന് ഇപ്പോള്‍. ഐ.സി.യുവിലേക്ക് മാറ്റിയതിനുശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ഐ.സി.യുവിലേക്ക് മാറ്റിയ ശേഷം തങ്ങളെ കാണാന്‍ അനുവദിച്ചിട്ടില്ല. തന്റെ അമ്മക്കും അതിന് ശേഷം അച്ഛനെ കാണാന്‍ പറ്റിയില്ലെന്നും ആശുപത്രി അധികൃതര്‍ അതിന് സമ്മതിക്കുന്നില്ലെന്നും സംജോഗ് വ്യക്തമാക്കി.
ആശുപത്രിയില്‍ സംഭവിക്കുന്നത് ദുരൂഹമായ കാര്യങ്ങളാണെന്ന് കെ. സുധാകരന്റെ മരുമകന് അജിത് കുമാര്‍ പറഞ്ഞു. രാവിലെ ഏഴ് മണിക്ക് എത്തിയ തങ്ങളെ സുധാകരനെ കാണണമെന്ന് പറഞ്ഞപ്പോള്‍ ആശുപത്രികള്‍ അകത്തേക്ക് കടത്തി വിട്ടില്ലെന്ന് അജിത് കുമാര്‍ പറഞ്ഞു. അങ്ങനെ ഒരു പേഷ്യന്റ് ഇവിടെ ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് ഡോക്ടറുടെ പേര് പറഞ്ഞ് അദ്ദേഹത്തെ കാണണം എന്ന് പറഞ്ഞപ്പോഴാണ് തങ്ങളെ കടത്തിവിട്ടതെന്നും അജിത് കുമാര്‍ വ്യക്തമാക്കി.
ഡോക്ടറെ കണ്ട ശേഷം അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ വളരെ അത്ഭുതകരമായിട്ടുള്ള വാക്കുകളാണ് ഉപയോഗിച്ചത്. ആശുപത്രിക്ക് അകത്ത് ദുരൂഹമായ കാര്യങ്ങളാണ് നടക്കുന്നത്. ഇതൊരു നോര്‍മല്‍ ആയിട്ടുള്ള ഒരു കേസ് ആയിട്ട് താന്‍ കാണുന്നില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.
ആശുപത്രിയിലെ കാര്യങ്ങള്‍ മറ്റാരൊക്കെയോ നിയന്ത്രിക്കുന്നതായി തോന്നിയെന്ന് സംജോഗിനും അനില്‍ കുമാറിനും ഒപ്പമുണ്ടായിരുന്ന അഭിഭാഷകന് ആഷിക് പറഞ്ഞു. ഡോക്ടര്‍ തങ്ങളോട് പരുഷമായാണ് പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: K Sudhakaran at Dubai Hospital- Response From Relatives
