ഒരു ചര്‍ച്ചയും ഇല്ലപ്പാ, നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും വിളിച്ചിട്ടില്ല'; പ്രതികരിച്ച് കെ. സുധാകരന്‍
Kerala
ഒരു ചര്‍ച്ചയും ഇല്ലപ്പാ, നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും വിളിച്ചിട്ടില്ല'; പ്രതികരിച്ച് കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th March 2026, 11:56 am

ന്യൂദല്‍ഹി: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് വിളിച്ചതനുസരിച്ച് ദല്‍ഹിയിലെത്തിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കെ. സുധാകരന്‍ എം.പി.

തന്നെയാരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും ‘നമുക്ക് നിലയും വിലയുമൊന്നുമില്ലല്ലോ എന്നുമായിരുന്നു’ സുധാകരന്റെ പരിഹാസം കലര്‍ന്ന മറുപടി.

ചൊവ്വാഴ്ച രാവിലെ ദല്‍ഹിയിലെത്തിയ സുധാകരന്‍ മാധ്യമങ്ങളെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിമാനത്താവളത്തിലെ വി.ഐ.പി ഗേറ്റ് ഒഴിവാക്കി മറ്റൊരു വഴിയിലൂടെ സുധാകരന്‍ വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ ഒടുവില്‍ വി.ഐ.പി ഗേറ്റിലൂടെ തന്നെ അദ്ദേഹം പുറത്തെത്തി. കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം മടങ്ങിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളെ കുറിച്ചുള്ള ചോദ്യത്തിന് വളരെ രൂക്ഷമായ ഭാഷയിലാണ് സുധാകരന്‍ പ്രതികരിച്ചത്.

‘ഒരു ചര്‍ച്ചയുമില്ലപ്പാ… ആരാ നിങ്ങളോട് ഇത് പറഞ്ഞത്? ഒരു ചര്‍ച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല.’

‘നിലയും വിലയുമില്ല’ എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘എന്നെ വിളിച്ചിട്ടില്ലെന്നേ… എന്നെ വിളിക്കണ്ടേ…’ എന്നായിരുന്നു സുധാകരന്റെ മറുപടി.

സ്ഥാനാര്‍ത്ഥിത്വത്തിലെ അതൃപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു. കണ്ണൂര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കെ. സുധാകരന്‍. എന്നാല്‍ സിറ്റിങ് എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.

സുധാകരന് ഇളവ് നല്‍കിയാല്‍ മറ്റ് എം.പിമാരും ഇതേ ആവശ്യവുമായി രംഗത്തെത്തുമെന്ന ഭയത്തിലാണ് നേതൃത്വം. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാതെ പോകില്ലെന്ന നിലപാടിലായിരുന്നു സുധാകരന്‍.

ഇന്ന് പാര്‍ലമെന്റില്‍ എത്തുന്ന അദ്ദേഹം അവിടെ വെച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതില്‍ വ്യക്തതയില്ല.
ഹൈക്കമാന്‍ഡ് സുധാകരനെ അനുനയിപ്പിക്കുമോ അതോ കണ്ണൂര്‍ സീറ്റില്‍ ഇളവ് നല്‍കുമോ എന്നത് വരും മണിക്കൂറുകളില്‍ വ്യക്തമാകും.

അതിനിടെ കെ. സുധാകരനുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഫോണില്‍ സംസാരിച്ചിരുന്നു. കേരളത്തിലെ നേതാക്കള്‍ വസതിയില്‍ എത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് ഖര്‍ഗെ സുധാകരനോട് സംസാരിച്ചതെന്നാണ് അറിയുന്നത്.

Content Highlight: K Sudhakaran About  Candidate selection Row