k-c-abu-01കോഴിക്കോട്: ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും അക്കൗണ്ട് തുറന്ന് ഷൈന്‍ ചെയ്യുകയാണ് കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു. കലക്ടറെ മാറ്റണമെന്നും അബു ആവശ്യപ്പെട്ടു. കെ.പി.സി.സി യോഗത്തിലാണ് അബു കലക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

സി.പി.എമ്മിന്റെ ചട്ടുകമായാണ് കലക്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അബു ആരോപിച്ചു.കലക്ടര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും ഈ വയസ്സു കാലത്ത് വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും പോകാന്‍ തനിക്ക് പറ്റില്ലെന്നും അബു വ്യക്തമാക്കി. ഇത് തന്റെ മാത്രം അഭിപ്രായമല്ലെന്നും അദ്ദേഹം അറിയിച്ചു.

എം.കെ രാഘവന്‍ എം.പിയോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഇക്കാര്യം പറയാന്‍ രാഘവന്‍ തന്നെ പ്രത്യേകം ഏല്‍പിച്ചിട്ടുണ്ടെന്നും അബു അറിയിച്ചു. കടുത്ത കമ്മ്യൂണിസ്റ്റായ ഈ കലക്ടറെവെച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അബു പറഞ്ഞു.

ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ പൊതു ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് കലക്ടര്‍ക്ക് ലഭിക്കുന്നത്. ഈ അടുത്ത് അവധിയുണ്ടോ എന്ന് ചോദിച്ച് ഒരു വിദ്യാര്‍ത്ഥിക്ക് കലക്ടര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.