ഫീമെയില്‍ ലീഡ് സിനിമകള്‍ വളരെ വിരളമായി സംഭവിക്കുന്ന ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. അവിടെ താന്‍ ചെയ്ത അഞ്ചില്‍ നാലും സ്ത്രീ കേന്ദ്രീകൃത സിനിമളാക്കുക, എല്ലാം ഹിറ്റാക്കുക എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ഒരേയൊരു സംവിധായകനേ മോളിവുഡില്‍ ഉള്ളൂ. ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ഈയൊരു കാര്യമാണ്.

നസ്രിയയെ നായികയാക്കിക്കൊണ്ട് അണിയിച്ചൊരുക്കിയ ഓം ശാന്തി ഓശാന ജൂഡ് എന്ന സംവിധായകന്റെ റേഞ്ച് വ്യക്തമാക്കുന്ന ഒന്നായിരുന്നു. സ്ത്രീപക്ഷ സിനിമയെന്ന് പറഞ്ഞാല്‍ സ്ത്രീകളുടെ കണ്ണീരും വിരഹവുമാണെന്ന ടെംപ്ലേറ്റുകളെ ജൂഡ് പൊളിച്ചെഴുതി. പൂജ എന്ന പെണ്‍കുട്ടിയുടെ കൗമാരത്തില്‍ ആരംഭിച്ച് യൗവനം വരെയുള്ള കാലഘട്ടത്തിലെ പ്രണയം പറഞ്ഞ ഓം ശാന്തി ഓശാന ഇന്നും പലരുടെയും ഫേവറെറ്റാണ്. മികച്ച കലാമൂല്യമുള്ള സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് ഓം ശാന്തി ഓശാനയെ തേടിയെത്തിയിരുന്നു.

ആദ്യചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തോളം ഗ്യാപ്പെടുത്തിട്ടാണ് ജൂഡ് തന്റെ രണ്ടാമത്തെ സിനിമയൊരുക്കിയത്. ആദ്യചിത്രത്തില്‍ ഒരു കൗമാക്കാരിയായിരുന്നു നായികയെങ്കില്‍ രണ്ടാം ചിത്രം വാര്‍ധക്യത്തിലെത്തിയ സ്ത്രീകളുടെ പ്രശ്‌നങ്ങളെയാണ് ചര്‍ച്ച ചെയ്തത്. ഓം ശാന്തി ഓശാന പോലെ വലിയ ഹിറ്റായില്ലെങ്കിലും തരക്കേടില്ലാത്ത വിജയം ഒരു മുത്തശ്ശി ഗദ സ്വന്തമാക്കി. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സ് തുടങ്ങുന്നതിന് മുന്നേ തന്റെ ആദ്യ സിനിമയെയും രണ്ടാം സിനിമയെയും കണക്ട് ചെയ്ത് ജൂഡ് വ്യത്യസ്തനായിട്ടുണ്ട്.

പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജൂഡ് വീണ്ടും സംവിധായക കുപ്പായമണിയുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഒ.ടി.ടി.യിലൂടെ റിലീസായ സാറാസും മികച്ച അഭിപ്രായം സ്വന്തമാക്കി. സോ കോള്‍ഡ് കുലസ്ത്രീകളെയും പാരമ്പര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍ക്കുമുള്ള കൊട്ടായിരുന്നു സാറാസ്. ഈ സിനിമ കണ്ട് വ്രണപ്പെട്ട ഒരു വിഭാഗം അവരുടെ മാട്രിമോണിയുടെ പരസ്യത്തിലൂടെ മറുപടി നല്‍കിയതെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂഡ് സംവിധായകനായ അടുത്ത ചിത്രം പ്രേക്ഷകരിലേക്കെത്തി. കേരള ജനത നേരിട്ട ഏറ്റവും വലിയ ദുരന്തത്തിന് ചലച്ചിത്രഭാഷ്യമൊരുക്കിയ ജൂഡിന്റെ 2018 കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ചിത്രത്തിന്റെ രാഷ്ട്രീയത്തില്‍ ജൂഡ് ഒരുപാട് വിമര്‍ശനം നേരിട്ടെങ്കിലും 2018 അതിന്റെ മേക്കിങ് കൊണ്ട് ഞെട്ടിച്ചു.

പുലിമുരുകനെ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റായ 2018ന് ശേഷം നാല് വര്‍ഷത്തോളം ജൂഡ് വീണ്ടും ഇടവേളെയടുത്തു. തമിഴിലും ബോളിവുഡിലും പ്രൊജക്ടുകള്‍ ചെയ്‌തേക്കുമെന്ന് കേട്ടെങ്കിലും മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തി. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ നായികയാക്കി ഒരുക്കിയ തുടക്കം ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്.

തുടക്കം. ജൂഡ് ആന്തണി ജോസഫ്. Photo. Instagram/ Screen grab/ Youtube

കരിയറില്‍ ഇതുവരെ കൈവെക്കാത്ത ആക്ഷന്‍ ഴോണറിലും ജൂഡ് തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ഒപ്പം വിസ്മയ, ആശിഷ് എന്നിങ്ങനെ രണ്ട് ഗംഭീര പെര്‍ഫോമര്‍മാരെ സിനിമാലോകത്തിന് സമ്മാനിക്കുകയും ചെയ്തു. 12 വര്‍ഷത്തെ കരിയറില്‍ അഞ്ച് സിനിമകള്‍ ചെയ്യുക, എല്ലാം ഹിറ്റ് സ്റ്റാറ്റസിലെത്തിക്കുക, എന്നിങ്ങനെ അപൂര്‍വമായ നേട്ടം സ്വന്തമാക്കിയ സംവിധായകരുടെ ലിസ്റ്റില്‍ ജൂഡും ഉള്‍പ്പെട്ടിരിക്കുകയാണ്. അയാള്‍ ഇനിയും സിനിമാലോകത്ത് തുടരും.

Content Highlight: Jude Anthony Joseph have 100 success ratio after Thudakkam movie