തൊണ്ണൂറുകളിലെ സിനിമാ പ്രേമികളുടെ മനസില്‍ എന്നും സ്ഥാനമുള്ള അഭിനേത്രിയാണ് ജോമോള്‍. മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ടാണ് ജോമോള്‍ സിനിമയിലേക്കെത്തുന്നത്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ ബാലതാരമായും ജോമോള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
1998ല്‍ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച താരം നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലി കാവ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. താരത്തിന് ഏറെ ജനപ്രീതി നേടി നല്‍കിയത് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളായിരുന്നു. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റായ കമല്‍ സംവിധാനം ചെയ്ത നിറത്തിലെ വര്‍ഷ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
തൊണ്ണൂറുകളില്‍ കുഞ്ചാക്കോ ബോബന്‍ എന്ന നടന് വലിയ ആരാധക പിന്തുണ നേടി നല്‍കിയ ചിത്രത്തിന് പിന്നാലെ ജോമോളെയും നടി ശാലിനിയെയും ബന്ധപ്പെടുത്തി ഒരുപാട് അഭ്യൂഹങ്ങള്‍ മലയാളത്തില്‍ ഉടലെടുത്തിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകളോട് ജോമോള്‍ പ്രതികരിച്ച പഴയ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്.
‘ശാലിനിയെ ആദ്യമായി ഞാന്‍ കാണുന്നത് നിറത്തിന്റെ സെറ്റില്‍ വെച്ചാണ്. പടത്തില്‍ വര്‍ക്ക് ചെയ്യുന്നതിന് മുമ്പ് ഞങ്ങള്‍ ഒരേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. അവിടെ വെച്ചാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും അവര്‍ ഒരുപാട് വ്യത്യസ്തയാണ്. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുമായിരുന്നു.
അജിത് സാറുമായി ശാലിനിയ്ക്ക് പ്രണയമുണ്ടെന്നുള്ള കാര്യം നിറത്തിന്റെ തമിഴ് വേര്‍ഷന്‍ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴായിരുന്നു ഞാന്‍ അറിഞ്ഞത്. ചാക്കോച്ചന്‍ ശാലിനി കല്യാണം കഴിക്കുമെന്ന് അന്ന് വാര്‍ത്തകളൊക്കെ വന്നിരുന്നെങ്കിലും അതൊക്കെ വ്യാജമാണെന്ന് എനിക്ക് അറിയാമായിരുന്നു. മയില്‍പ്പീലി കാവ് ചെയ്ത സമയത്ത് കേട്ട വാര്‍ത്ത ചാക്കോച്ചന്‍ എന്നെയും ശാലിനിയെയും ഒന്നിച്ച് കല്യാണം കഴിക്കും എന്നൊക്കെയായിരുന്നു,’ ജോമോള്‍ പറഞ്ഞു.
Content Highlight: Jomol talks about rumors of her marriage with kunchako boban