[]മുംബൈ: അധോലോകരാജാവ്  ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ അമേരിക്കയുടെ സഹായത്തോടെ ശ്രമങ്ങളാരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ .[]

യു.എസ് അറ്റോര്‍ണറി ജനറല്‍ എറിക് ഹോള്‍ഡറുമായി ഇക്കാര്യം ചര്‍ച്ചചെയ്‌തെന്നും അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ഷിന്‍ഡെ അറയിച്ചു. അടുത്ത കാലത്തായി പല പിടികിട്ടാപുള്ളികളെയും അറസ്റ്റ് ചെയ്യാന്‍ ഇന്ത്യക്കായിട്ടുണ്ട്.

അതിര്‍ത്തിയില്‍ വെച്ച് ഇത്തരക്കാരില്‍ പലരെയും എന്നന്നേക്കുമായി ഇല്ലാതാക്കാനും കഴിഞ്ഞിട്ടുണ്ട്. ദാവൂദ് ഇബ്രഹാമിന്റെ കാര്യത്തില്‍ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയുമായി സഹകരിച്ച് മുന്നോട്ട പോവാനാണ് തീരുമാനം. ഷിന്‍ഡെ അറിയിച്ചു.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹീം പാക്കിസ്ഥാനിലുണ്ടെന്നാണ് കരുതപ്പെടുന്നത്.  ഇക്കാര്യം പാക്കിസ്ഥാനെയും അമേരിക്കയെയും അറിയിച്ചിരുന്നതായും ഷിന്‍ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രിയോടും ദാവൂദിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും  ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ദാവൂദ് പ്രധാന പ്രതിയാണ്.

ഇന്ത്യയിലെ തീവ്രവാദ സംഘടനകളുടെ സാമ്പത്തിക സ്രോതസായും ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍ പോളും ദാവൂദ് ഇബ്രാഹാമിനെ കുപ്രസിദ്ധ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.