മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം വലിയൊരു ഫാന്‍ ബേസ് തന്നെയുണ്ട്. സംവിധായകരായ തുളസിദാസ്, താഹ, കമല്‍, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായാണ് ജോണി ആന്റണി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

ജഗദീഷിനെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. ജഗദീഷ് ആദ്യമായി അഭിനയിച്ച മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ അഭിനയത്തിന് വാങ്ങിയ പണം പോലും ജഗദീഷിന്റെ കയ്യില്‍ ബാക്കി ഉണ്ടാകുമെന്നും പണം അധികം ചെലവാക്കാത്തയാളാണ് അദ്ദേഹമെന്നും ജോണി ആന്റണി പറയുന്നു.

അഭിനയിച്ച സിനിമകളിലെ ഒരു നിര്‍മാതാവിനെതിരെയും ജഗദീഷ് പരാതി കൊടുക്കാറില്ലെന്നും അതിന് മുമ്പ് തന്നെ എല്ലാ പണവും വാങ്ങിയിട്ടുണ്ടാകുമെന്നും ജോണി ആന്റണി ഹാസ്യ രൂപത്തില്‍ പറഞ്ഞു. വണ്‍2 ടോക്ക്‌സ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.

‘ജഗദീഷേട്ടനെ കുറിച്ച് പറയുകയാണെങ്കില്‍, മൈ ഡിയര്‍ കുട്ടിച്ചാത്തനാണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. അതില്‍ അഭിനയിച്ച ക്യാഷ് പോലും ഇപ്പോഴും ബാലന്‍സ് ആണെന്ന് തോന്നുന്നു (ചിരി). ഒരു രൂപ പോലും അതില്‍ നിന്ന് ചെലവായിട്ടില്ല. അധികം പണം അദ്ദേഹം ചെലവാക്കാറില്ല.

ഒരു നിര്‍മാതാവിനെതിരെയും ഇദ്ദേഹം പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. കാരണം പരാതി അവര്‍ക്കെതിരെ കൊടുക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ കാശും വാങ്ങിച്ചിട്ടുണ്ടാകും. കൊടുക്കാനുള്ള അവസരം ഒന്നും കിട്ടാറില്ല. സെറ്റില്‍ ആദ്യം ജഗദീഷേട്ടന്‍ കമ്പനി ആകുന്നത് എന്നോടോ മറ്റ് അഭിനേതാക്കളോടോ ഒന്നും അല്ല.

ക്യാഷെര്‍ ആയിട്ട് ആദ്യം കമ്പനി ആകും. കണ്ടാല്‍ തോന്നും ഇവര്‍ ഒന്നിച്ച് പഠിച്ചതാണോയെന്ന്. അതിന് ശേഷം ചായ ഉണ്ടാകുന്ന ആളുമായി കമ്പനിയാകും. പ്രൊഡക്ഷനില്‍ ഫുഡ് കൊണ്ടുവരുന്ന ആളുമായിട്ട്, കാരണം കൃത്യ സമയത്ത് ആഹാരം കിട്ടണമല്ലോ. അവരെയൊക്കെ വിളിക്കുന്നത് കേട്ടാല്‍ തോന്നും മകനോ മരുമകനോ ആണെന്ന്,’ ജോണി ആന്റണി പറയുന്നു.

Content Highlight: Johny Antony Talks About Jagadish