ആ നടൻ ഒരിക്കലും സ്ക്രിപ്റ്റിൽ എഴുതിയ ഡയലോഗ് പറയില്ല: ജോണി ആന്റണി
malayalam movie
ആ നടൻ ഒരിക്കലും സ്ക്രിപ്റ്റിൽ എഴുതിയ ഡയലോഗ് പറയില്ല: ജോണി ആന്റണി
നന്ദന. ടി
Thursday, 6th August 2026, 11:00 am

മലയാള സിനിമയിൽ നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ജോണി ആന്റണി. 2003-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കോമഡി ചിത്രമായ സി.ഐ.ഡി മൂസയിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കൊച്ചിരാജാവ്, തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, ശിക്കാരി ശംഭു എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.

ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, ജോസഫ്, വരനെ ആവശ്യമുണ്ട്, ഹോം, ഹൃദയം എന്നീ സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ നടനായും ജോണി ആന്റണി പ്രേക്ഷക ശ്രദ്ധ നേടി. വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടനും സംവിധായകനും എന്ന നിലയിൽ സിനിമയില്ലെ പഴയകാല നടന്മാരുടെ സംഭാഷണരീതികളെ കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കുകയാണ് താരം.

ജോണി ആന്റണി. Photo. Screen grab/ Youtube

നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരിക്കലും കഥാപാത്രത്തിനു വേണ്ടി എഴുതിക്കൊടുത്ത സംഭാഷണങ്ങൾ അതുപോലെ ഷൂട്ടിംഗ് സമയത്ത് പറയാറില്ലെന്നും, ഒരുപക്ഷേ അതിനുവേണ്ടി അദ്ദേഹത്തെ നിർബന്ധിച്ചാൽ അദ്ദേഹത്തിന്റെ ശരിയായ അഭിനയം ലഭിക്കില്ലെന്നും ജോണി ആന്റണി പറയുന്നു.

‘നമ്മുടെ ഒടുവിൽ ഉണ്ണി ചേട്ടൻ ഒരിക്കലും ഒരു സീനിനുവേണ്ടി എഴുതിവെക്കുന്ന ഡയലോഗുകൾ അതുപോലെ പറയില്ല. പക്ഷെ പുള്ളി പറഞ്ഞു വരുമ്പോൾ നമ്മൾ എഴുതിക്കൊടുത്ത ആ ഡയലോഗിന്റെ അതേ അർത്ഥം തന്നെയായിരിക്കും വരിക. പുള്ളി ആ ചതുരത്തിൽ ഒതുങ്ങി ഒരിക്കലും പറയില്ല, മറിച്ച് അദ്ദേഹത്തിന്റേതായ രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും മാറിയാണ് പറയുക. എഴുതിവെച്ചതുപോലെ തന്നെ പറയണം എന്നൊക്കെ അദ്ദേഹത്തിനോട് പറഞ്ഞാൽ, ഒരുപക്ഷേ നമുക്ക് ഉണ്ണിയേട്ടന്റെ ശരിയായ അഭിനയം കിട്ടില്ല.

എന്നാൽ കൊച്ചിൻ ഹനീഫ, മുകേഷ് എന്നീ നടന്മാർക്ക് ചിത്രീകരണ വേളയിൽ പ്രോംപ്റ്റിങ് നിർബന്ധമാണെന്നും, എന്നാൽ തങ്ങളുടേതായ അഭിനയശൈലി കൊണ്ട് അതിൽ വ്യത്യസ്തത കൊണ്ടുവരാൻ അവർ ശ്രമിക്കാറുണ്ടെന്നും ജോണി ആന്റണി പറയുന്നു.

‘ കൊച്ചിൻ ഹനീഫിക്കയ്ക്ക് ഡയലോഗുകൾ പ്രോംപ്റ്റ് ചെയ്തു കൊടുക്കണം. പക്ഷെ പ്രോംപ്റ്റിങ് ചെയ്യുകയാണെന്ന ഒരു ഫീൽ അദ്ദേഹം അവിടെ കൊണ്ടുവരില്ല. അദ്ദേഹത്തിന്റെ ആ ജബ്ബാ ജബ്ബാ പോലെയുള്ള സാധനങ്ങളും ബോഡി ലാംഗ്വേജുമൊക്കെ ഇട്ട് ഇക്കയുടേതായ ഒരു അഭിനയശൈലി കൊണ്ടുവരും.

അതുപോലെതന്നെയാണ് മുകേഷേട്ടനും. അദ്ദേഹത്തിന് പ്രോംപ്റ്റിങ് ഒക്കെ കേട്ട് നാടകം ചെയ്തു ശീലമുള്ളതുകൊണ്ട്, അഭിനയിക്കുന്ന സമയത്ത് മുകേഷേട്ടൻ അദ്ദേഹത്തിന്റേതായ ആ കൈയൊക്കെ തടവിയിട്ട് അത് പിന്നെ എന്നൊക്കെ പറഞ്ഞുള്ള അഭിനയശൈലികൾ കൊണ്ടുവരും. പ്രോംപ്റ്റിങ് ചെയ്യാൻ ഏറ്റവും എളുപ്പവും മുകേഷേട്ടന് തന്നെയാണ്.ഈ നാടകത്തിൽ നിന്നും വന്നവർ ഡയലോഗ് പ്രോംപ്റ്റിംഗിനെ വളരെ ഡിപെൻഡ് ചെയ്യും. ഞാൻ ഒരു പ്രാവശ്യം ഹനീഫിക്കയോട് ചുമ വരെ പ്രോംപ്റ്റ് ചെയ്തു തരണോ എന്ന് തമാശയ്ക്ക് ചോദിച്ചിരുന്നു,’ നടൻ പറഞ്ഞു.

പണ്ടത്തെ സിനിമകളിൽ പ്രോംപ്റ്റിങ് വളരെ ശ്രദ്ധിച്ച് ചെയ്തിരുന്ന ഒന്നായിരുന്നു എന്നും എന്നാൽ ഇന്നത്തെ സിനിമകളിൽ കൂടുതലും സിങ്ക് സൗണ്ടാണെന്നും ജോണി ആന്റണി പറഞ്ഞു.

‘ഇന്നത്തെ സിനിമകളിൽ പ്രോംപ്റ്റിങ് കുറവാണ്, പകരം സിങ്ക് സൗണ്ടാണ് കൂടുതൽ. പണ്ടൊക്കെ പ്രോംപ്റ്റ് ചെയ്തു കൊടുക്കാൻ നന്നായി അറിയുന്നവരെ മാത്രമാണ് വിളിക്കുക. അന്ന് എന്നോട് നന്നായിട്ട് പ്രോംപ്റ്റ് ചെയ്തു കൊടുക്കും എന്ന് പറയാറുണ്ടായിരുന്നു. അപ്പോൾ നമ്മൾ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റിച്ചാൽ അത് പിന്നെ നമ്മുടെ തലയിലാവും. പക്ഷെ ആ കാലഘട്ടം ഒക്കെ രസമായിരുന്നു,’ ജോൺ ആന്റണി ഓർത്തെടുത്തു.

ജോണി ആന്റണി. Photo. Screen grab/ Youtube

Content Highlight: Johnny Antony’s memories about the various dialogue delivery styles of old  actors

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം