വേണ്ടിയിരുന്നത് 67, അടിച്ചത് 66! നഷ്ടമായത് സച്ചിന് പോലുമില്ലാത്ത നേട്ടം, ഒന്നാമനായി വിരാട് വാഴും
Sports News
വേണ്ടിയിരുന്നത് 67, അടിച്ചത് 66! നഷ്ടമായത് സച്ചിന് പോലുമില്ലാത്ത നേട്ടം, ഒന്നാമനായി വിരാട് വാഴും
ആദർശ് എം.കെ.
Friday, 21st August 2026, 7:03 am

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വ്യക്തമായ ആധിപത്യവുമായി ആതിഥേയര്‍. നിലവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സ് നേടി ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ഇതിനോടകം തന്നെ 195 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.

ഹാരി ബ്രൂക്ക്, ജോര്‍ദന്‍ കോക്‌സ്, ക്യാപ്റ്റന്‍ ജോ റൂട്ട്, ഡാന്‍ ലോറന്‍സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്.

ബ്രൂക്ക് 93 പന്തില്‍ 91 റണ്‍സ് നേടിയാണ് കളം വിട്ടത്. കോക്‌സ് 100 പന്തില്‍ 73 റണ്‍സടിച്ചപ്പോള്‍ ലോറന്‍സ് 79 പന്ത് നേരിട്ട് 51 റണ്‍സും നേടി പവലിയനിലേക്ക് തിരിച്ചുനടന്നു.

നേരിട്ട 112ാം പന്തില്‍ ഖുറാം ഷഹസാദിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി പുറത്താകും മുമ്പ് 66 റണ്‍സാണ് നായകന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. പത്ത് ഫോറുകള്‍ അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്.

ഈ ഇന്നിങ്‌സില്‍ 67 റണ്‍സ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ (ടെസ്റ്റ് +ഏകദിനം + ടി-20ഐ) 50.00 എന്ന ബാറ്റിങ് ശരാശരിയിലേക്ക് റൂട്ടിന് എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കൃത്യം ഒറ്റ റണ്‍സകലെ ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡ് പുറത്താവുകയായിരുന്നു.

ജോ റൂട്ട്. Photo: ECB/x.com

ചുരുങ്ങിയത് 10,000 അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങളില്‍ ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിക്ക് മാത്രമാണ് 50ന് മുകളില്‍ ശരാശരിയുള്ളത്. ഈ നേട്ടത്തിന് മുമ്പിലാണ് റൂട്ട് ഒരു റണ്‍സിന് കാലിടറിയത്.

വിരാട് കോഹ്‌ലി. Photo: BCCI/x.com

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി (ചുരുങ്ങിയത് 10,000 റണ്‍സ്)

(താരം – ടീം – ബാറ്റിങ് ശരാശരി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 52.71

ജോ റൂട്ട് – ഇംഗ്ലണ്ട് – 49.99*

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 49.10

മൈക് ഹസി – ഓസ്‌ട്രേലിയ – 49.00

സര്‍ വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 48.75

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 48.52

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 48.12

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 48.11

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 47.77

അതേസമയം, ബെന്‍ സ്‌റ്റോക്‌സിന്റെ പടിയിറക്കത്തിന് ശേഷം വീണ്ടും ക്യാപ്റ്റന്റെ റോളിലേക്ക് മടങ്ങിയെത്തിയ റൂട്ടിന് കീഴില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഹെഡിങ്‌ലിയില്‍ ബാറ്റിങ് തുടരുന്നത്.

നിലവില്‍ 35 പന്തില്‍ 16 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തും മൂന്ന് പന്തില്‍ അക്കൗണ്ട് തുറക്കാതെ ജോഫ്രാ ആര്‍ച്ചറുമാണ് ക്രീസില്‍.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ അലി ഉസ്മാനാണ് ആദ്യ ഇന്നിങ്‌സില്‍ ഇതുവരെ പാകിസ്ഥാനായി തിളങ്ങിയത്. ഒരു മെയ്ഡന്‍ അടക്കം 23 ഓവര്‍ പന്തെറിഞ്ഞ് 92 റണ്‍സ് വഴങ്ങിയാണ് താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

മുഹമ്മദ് അബ്ബാസ്. മുഹമ്മദ് അലി, ഖുറാം ഷഹസാദ് എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

 

Content Highlight: Joe Root loses his 50.00 batting average in international cricket by a single run.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.