ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി റോഡില്‍ പ്രസവിച്ചതായി പരാതി. യു.പിയില്‍ ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

ശനിയാഴ്ച പ്രസവവേദനയെ തുടര്‍ന്ന് റായ്ബറേലി ജില്ലാ ആശുപത്രിയിലാണ് യുവതിയെ ബന്ധുക്കള്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ഇവരെ ഔദ്യോഗികമായി അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ലെന്നും പ്രസവമുറിയിലേക്ക് പലതവണ കൊണ്ടുപോയെങ്കിലും പുറത്തുപോയി നടക്കാന്‍ സ്ത്രീ നിര്‍ബന്ധിതയാവുകയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.

പ്രസവം നടത്തുന്നതിനായി ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ ബന്ധുവായ അര്‍ച്ചന വെളിപ്പെടുത്തി.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സഹായം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഒടുവില്‍ ആശുപത്രിക്ക് പുറത്തുള്ള തുറന്ന സ്ഥലത്ത് വെച്ച് സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
ഈ ക്രൂരത വ്യക്തമാക്കുന്ന ദൃശ്യങ്ങളും ബന്ധുക്കളുടെ ആരോപണങ്ങളും അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഭദോഹിയിലും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജാതി വിവേചനത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് 20കാരിയായ ദളിത് യുവതി റോഡരികില്‍ പ്രസവിക്കുകയായിരുന്നു.

യുവതി ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയായതിനാല്‍ ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സും പ്രസവ ചികിത്സ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിടുകയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Content Highlight: Pregnant woman gives birth in the open after being denied treatment in Raebareli for failing to pay a ₹10,000 bribe; second such incident in UP within a week.