2017ല്‍ അപര്‍ണ ബാലമുരളി – ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ദീപക് ദേവ് സംഗീതം ഒരുക്കിയ ചിത്രത്തില്‍ ശ്രീനിവാസന്‍, ലാല്‍ ജോസ്, ആശാ ശരത്, സിദ്ദിഖ്, ശ്രുതി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെയുണ്ടായിരുന്നു.

ആസിഫ് അലിയുടെയും ജിസ് ജോയിയുടെയും മികച്ച സിനിമകളില്‍ ഒന്നായ സണ്‍ഡേ ഹോളിഡേ ഇന്നും പലരുടെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ഇത്രനാള്‍ കഴിഞ്ഞിട്ടും ആ സിനിമക്കും അതിലെ പാട്ടുകള്‍ക്കും ഇത്രയും ശ്രദ്ധ കിട്ടുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസിഫ് അലി – ബിജു മേനോന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് തലവന്‍.

‘സണ്‍ഡേ ഹോളിഡേയുടെ പ്രിവ്യു എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ ആയിരുന്നു അന്ന് പ്രിവ്യു നടന്നത്. കൂടെ പത്ത് ഇരുപത്തിയഞ്ച് ആളുകള്‍ ഉണ്ടായിരുന്നു.

ആ പ്രിവ്യു കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നെ വിഷമിപ്പിക്കാത്ത തരത്തില്‍ മാറ്റിനിര്‍ത്തി ആ സിനിമ പൊട്ടുമെന്നാണ് പറഞ്ഞത്. ഒരാളുപോലും ആ സിനിമ ഓടുമെന്ന് പറഞ്ഞിരുന്നില്ല.

അന്ന് എല്ലാവരും പോയി കഴിഞ്ഞിട്ടും രണ്ട് മണിക്ക് ഞാനും ദീപക് ദേവും സ്റ്റുഡിയോയില്‍ തന്നെ ഇരുന്നു. നമ്മള്‍ വളരെ പ്രതീക്ഷയോടെ ചെയ്ത പാട്ടുകളും സിനിമയുമാണ്.

രണ്ടുപേര്‍ക്കും ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു സണ്‍ഡേ ഹോളിഡേ. പക്ഷെ ഒരാളെങ്കിലും അത് നല്ലതാണെന്ന് പറയണ്ടേ. അന്ന് ദീപക് എന്നോട് ഒരു കാര്യം പറഞ്ഞു. അത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്.

‘എടോ, ഈ പടം പൊട്ടികഴിഞ്ഞാല്‍ കുറച്ച് നാളത്തേക്ക് നമ്മള്‍ ഈ പരിപാടി നിര്‍ത്തണം. കാരണം നമ്മുടെ ജഡ്ജ്‌മെന്റില്‍ കാര്യമായ എന്തോ തകരാറുണ്ടെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്’ എന്നാണ് അവന്‍ പറഞ്ഞത്. അതുകൊണ്ട് ആ സിനിമ തിയേറ്ററില്‍ എത്തുന്ന ദിവസം പോലും പ്രതീക്ഷയുണ്ടായിരുന്നില്ല,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Sunday Holiday Preview