ബിഗ് ബിയിലും ബാച്ചിലര്‍ പാര്‍ട്ടിയിലും എന്നെ തട്ടിയില്ലേ, പിന്നെ എങ്ങനെയാണ് സെക്കന്‍ഡില്‍ വരിക; ചിരിയുണര്‍ത്തി ചോദ്യങ്ങള്‍ക്കുള്ള ജിനു ജോസഫിന്റെ മറുപടി
Malayalam Cinema
ബിഗ് ബിയിലും ബാച്ചിലര്‍ പാര്‍ട്ടിയിലും എന്നെ തട്ടിയില്ലേ, പിന്നെ എങ്ങനെയാണ് സെക്കന്‍ഡില്‍ വരിക; ചിരിയുണര്‍ത്തി ചോദ്യങ്ങള്‍ക്കുള്ള ജിനു ജോസഫിന്റെ മറുപടി
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 29th July 2026, 10:23 am

മലയാളത്തിലെ കള്‍ട്ട് ചിത്രമായ അമല്‍നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ജിനു ജോസഫ്. തുടര്‍ന്ന് സാഗര്‍ ഏലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ താരം തന്റെ സ്‌റ്റൈലിഷ് വേഷങ്ങള്‍ കൊണ്ടും ഡയലോഗ് ഡെലിവെറി കൊണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാണ്. 2021ല്‍ പുറത്തിറങ്ങിയ ഭീമന്റെ വഴിയില്‍ ജിനു ചെയ്ത കൊസ്‌തേപ്പ് എന്ന കഥാപാത്രവും പലരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചവയാണ്.

ഭീമന്റെ വഴി. Photo: Pinklungi.com

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക, വരത്തന്‍, ഭീഷ്മപര്‍വം തുടങ്ങി അമല്‍ നീരദ് ചിത്രങ്ങളിലെല്ലാം തന്നെ ജിനു ജോസഫ് പ്രധാനവേഷത്തിലെത്തിയിരുന്നു. അമല്‍ നീരദിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂസ്. 2012ല്‍ പുറത്തിറങ്ങിയ ബാച്ചിലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തില്‍ ജെറി കളപ്പുരക്കല്‍ എന്ന കഥാപാത്രമായി വേഷമിട്ട ജിനു രണ്ടാം ഭാഗത്തിലുണ്ടാകുമോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലേ എന്ന ഓണ്‍ലൈന്‍ മീഡിയക്കാരുടെ ചോദ്യത്തിന് ബാച്ചിലര്‍ പാര്‍ട്ടിയില്‍ താനില്ലെന്നും എന്നെ ആദ്യഭാഗത്തില്‍ തന്നെ തട്ടിയില്ലേ എന്നുമായിരുന്നു താരം മറുപടി പറഞ്ഞത്. ഇതിന് പിന്നാലെ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന മട്ടാഞ്ചേരി മാഫിയയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊന്നും തനിക്കറിയില്ലെന്നും, സിനിമയെല്ലാം വരുന്നുണ്ടെങ്കിലും ഞാന്‍ അതിലുണ്ടോ എന്ന് അവര്‍ വിളിക്കുമ്പോള്‍ മാത്രമേ പറയാന്‍ പറ്റുള്ളൂ എന്നും താരം പറഞ്ഞു. ബാച്ചിലര്‍ പാര്‍ട്ടിയിലെ പോലെ ബിഗ് ബിയിലും തന്നെ ആദ്യ ഭാഗത്തില്‍ തട്ടിക്കളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിനു ജോസഫ്. Photo: The News Minute

റഹ്‌മാന്‍, കലാഭവന്‍ മണി, ആസിഫ് അലി, ഇന്ദ്രജിത്ത്, വിനായകന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ബാച്ചിലര്‍ പാര്‍ട്ടി റിലീസ് സമയത്ത് പരാജയമായിരുന്നെങ്കിലും പിന്നീട് വലിയ രീതിയില്‍ പ്രേക്ഷക സ്വീകര്യത പിടിച്ച് പറ്റുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നസ്‌ലെനാണ് നായകനാകുന്നത്. ചിത്രത്തില്‍ സൗബിന്‍ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, സജിന്‍ ഗോപു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Jinu Joseph talks about his role in Bachelor Party Deux

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.