ചവിട്ടിയാല്‍ അപ്പുറത്ത് കടക്കാം ഇല്ലെങ്കില്‍ അണ്ണാക്കിലിരിക്കാം; ഹായ് ഐ ആം ടോണി ചെയ്തത് ഒരു ചലഞ്ചായിട്ടെന്ന് ജീന്‍ പോള്‍ ലാല്‍
Malayalam Cinema
ചവിട്ടിയാല്‍ അപ്പുറത്ത് കടക്കാം ഇല്ലെങ്കില്‍ അണ്ണാക്കിലിരിക്കാം; ഹായ് ഐ ആം ടോണി ചെയ്തത് ഒരു ചലഞ്ചായിട്ടെന്ന് ജീന്‍ പോള്‍ ലാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 6th August 2026, 8:17 pm

മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത അഭിനേതാവും സംവിധായകനുമാണ് ജീന്‍ പോള്‍ ലാല്‍. ഹണി ബീ, നടികര്‍ തിലകം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജീന്‍ പോള്‍ ലാലിനെ അഭിനേതാവെന്ന നിലയിലും പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതമാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ അഭിനയജീവിതത്തിലെ പൊന്‍തൂവലായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ബാലന്‍ ദി ബോയിയിലെ പവിത്രന്‍ എന്ന പൊലീസ് കഥാപാത്രം.

ചിദംബരം എസ്. പൊതുവാള്‍ സംവിധാനം ചെയ്ത് വലിയ നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു ജീന്‍ അവതരിപ്പിച്ചത്. കാന്‍സ് ഫിലിം ഫെസ്റ്റിവലിലെയും തിയേറ്ററുകളിലെയും വിജയകരമായ പ്രദര്‍ശനത്തിന് ശേഷം ചിത്രം സീ ഫൈവിലൂടെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സിനിമാ പ്രേമികളില്‍ നിന്നും വലിയ പ്രശംസയാണ് ബാലന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ബാലന്‍ ദി ബോയി. Photo: District

ഒ.ടി.ടി സ്ട്രീമിങ്ങിന് ശേഷം ബാലനുമായി ബന്ധപ്പെട്ട് റീല്‍ ട്രൈബ് എന്ന യട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനെന്ന നിലയില്‍ താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ജീന്‍ പോള്‍ ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജീന്‍ 2014ല്‍ സംവിധാനം ചെയ്ത ഹൈ ഐ ആം ടോണി എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘സംവിധാനം ചെയ്യാനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നത് സാഹചര്യവും സമയവും പോലെയിരിക്കും. എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം. ഒരു വീട്ടില്‍ മൂന്ന് ആളുകള്‍ പെട്ട് കിടക്കുമ്പോള്‍ ജീവന് ഭീഷണിയാകുന്ന രീതിയില്‍ അവരുടെ മനുഷ്യത്വം പോയി ഒരു മൃഗം വരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നതായിരുന്നു ഹൈ ഐ ആം ടോണിയുടെ വെല്ലുവിളി. വളരെ അമേച്വറായിട്ടുള്ള ഒരു ഫിലിം സ്‌കൂള്‍ ചിന്തയായിരുന്നു അത്. ആ സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ എക്‌സൈറ്റ്‌മെന്റ്.

ബേസിക്കലി ഇന്ത്യാന ജോണ്‍സ് സിനിമയിലേത് പോലെയാണ് ഇതെല്ലാം. മുന്നില്‍ എവിടെയോ ട്രാപ് ഉണ്ടെന്നറിയാമെങ്കിലും ഒരു ജഡ്ജ്‌മെന്റ് വെച്ച് ചവിട്ടാനല്ലേ പറ്റുളളൂ. ചിലപ്പോള്‍ അപ്പുറത്ത് കടക്കാം ചിലപ്പോള്‍ അണ്ണാക്കിലിരിക്കാം എന്ന പരിപാടിയുണ്ട്. മഞ്ഞുമല്‍ ബോയ്‌സ് എങ്ങനെ എക്‌സിക്യൂട്ട് ചെയ്യും എന്നൊരു ചോദ്യമുണ്ട്. ആ ചോദ്യത്തിന് വളരെ ഭംഗിയായിട്ടുള്ള ഉത്തരമുള്ളത് കൊണ്ടാണ് ചിത്രം ഹിറ്റായത്.

Photo: X.com

ബാലനില്‍ കുട്ടിയുടെ അമ്മ പറഞ്ഞുകൊടുത്ത അറിവ് മാത്രമേ അവന് പുറം ലോകത്തെ കുറിച്ചുള്ളൂ എന്നത് ഭംഗിയുള്ള ഒരു തുടക്കമാണ്. ഇതിന്റെ അവസാനത്തില്‍ ആയിരം ശിവരാത്രികളിലെ പോലെ ഒരു പരിപാടിയുണ്ടെന്ന് ഞാന്‍ അറിഞ്ഞപ്പോള്‍ ഇതെങ്ങനെ എക്‌സിക്യൂട്ട് ചെയ്യുമെന്ന് എന്റെ മനസില്‍ ഒരു ചോദ്യമുണ്ടായിരുന്നു. ഇതേ ചോദ്യത്തിനുള്ള ഉത്തരം കൃത്യമായി വരുന്നത് കൊണ്ടാണ് അത് ആള്‍ക്കാരിലേക്ക് എത്തിയത്,’ ജീന്‍ പറഞ്ഞു.

Content Highlight: Jean Paul Lal talks about his selection of films to direct

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.