ആ രംഗങ്ങൾ അഭിനയിക്കുമ്പോൾ 'പാപ്പൻ ഫീൽ' വരുന്നില്ല എന്ന് തോന്നിയിരുന്നു; 100 കോടി കളക്റ്റ് ചെയ്യുക എന്നത് ചെറിയ കാര്യമല്ല: ജയസൂര്യ
Malayalam Cinema
ആ രംഗങ്ങൾ അഭിനയിക്കുമ്പോൾ 'പാപ്പൻ ഫീൽ' വരുന്നില്ല എന്ന് തോന്നിയിരുന്നു; 100 കോടി കളക്റ്റ് ചെയ്യുക എന്നത് ചെറിയ കാര്യമല്ല: ജയസൂര്യ
നന്ദന എം.സി
Sunday, 5th April 2026, 6:28 pm

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആട് 3 തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുകയാണ്. ഒമ്പത് വർഷങ്ങൾക്ക് ശേഷം പാപ്പനും കൂട്ടരും തിരിച്ചെത്തിയപ്പോൾ അതിനെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സിനിമാപ്രേമികൾ. മാർച്ച് 19ന് റിലീസായ ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.

ആട്, Photo: IMDb

ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗം സൂപ്പർ ഹിറ്റാക്കി മാറ്റിയ അപൂർവ നേട്ടം സ്വന്തമാക്കിയ ഫ്രാഞ്ചൈസിയാണ് ആട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച ഈ ചിത്രത്തിന്റെ ആദ്യഭാഗം 2015ലാണ് പുറത്തിറങ്ങിയത്.

ഈ വട്ടം ജയസൂര്യ വെറും പാപ്പാനായി മാത്രമല്ല, മഹാരാജ പത്മനാഭൻ എന്ന കഥാപാത്രമായും എത്തി ശ്രദ്ധേയനായി. ഇപ്പോഴിതാ, ആട് 3യിൽ താൻ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് ജയസൂര്യ.

ആട്, Photo: Indrans/ Facebook

‘ആട് 3ൽ ഷാജി പാപ്പന്റെ റോൾ കുറഞ്ഞു പോയി എന്നു പരാതിയുണ്ട്, എന്നാൽ റോൾ ഒട്ടും കുറവില്ല, ഇത്തവണ പാപ്പന്റെ പൂർവജന്മമായ രാജാവിനെയും ചിത്രത്തിൽ കാണിക്കുന്നുണ്ട്.

ഒട്ടേറെ രംഗങ്ങൾ ആ പഴയകാലവുമായി ബന്ധപ്പെട്ടതാണ്. പ്രേക്ഷകർക്ക് പാപ്പനെ മാത്രം കണ്ടല്ലേ ശീലം, അതുകൊണ്ട് അങ്ങനെ തോന്നുന്നതാണ്. ആ രംഗങ്ങൾ അഭിനയിക്കുമ്പോൾ ഒരു ‘പാപ്പൻ ഫീൽ’ വരുന്നില്ലെന്നു ഞങ്ങൾക്കും തോന്നിയിരുന്നു.

ആട്, Photo: IMDb

ചുരുങ്ങിയ സമയം കൊണ്ട് ഒരു ചിത്രം 100 കോടി കളക്ട് ചെയ്യുക എന്നത് ചെറിയ കാര്യമല്ല. എത്രയോ പേർ ചിത്രം കണ്ടാലാണ് അത് സാധ്യമാവുക. യുദ്ധം മൂലം ഗൾഫിലൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും ഈ നേട്ടം ഉണ്ടായി എന്നു പറയുമ്പോൾ വലിയ സന്തോഷമുണ്ട്,’ ജയസൂര്യ പറഞ്ഞു.

ജയസൂര്യയുടെ കരിയറിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായി മാറിയ ചിത്രമാണ്ആട്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ആദ്യ നൂറുകോടി വിജയം കൂടിയാണ് ‘ആട് 3’ വഴി സ്വന്തമായത്. കൂടാതെ, വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയിൻ, ഇന്ദ്രൻസ് എന്നിവരടങ്ങിയ വാൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു.

Content Highlight: Jayasurya talk about his character in Aadu movie

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.