വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും ഒന്നിച്ചെത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. തിയേറ്ററിലും ഒ.ടി.ടിയിലും മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്.

അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത് ബേസില്‍ ജോസഫിനെ ഇടിച്ച് തെറിപ്പിക്കുന്ന ഇരുവരുടെയും സ്റ്റണ്ട് സീനുകളാണ്. കല്യാണം കഴിഞ്ഞതുമുതല്‍ തന്നെ ഉപദ്രവിച്ചുകൊണ്ടിരുന്ന രാജേഷിനിട്ട് ജയ തിരിച്ചടിക്കുന്ന രംഗങ്ങളെ വലിയ കയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ചത്.

ചിത്രത്തിലെ സ്റ്റണ്ട് സീനുകളെല്ലാം റിയലിസ്റ്റിക്കായിട്ട് തോന്നിയെന്ന് തന്നെയായിരുന്നു മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. ഇപ്പോഴിതാ രാജേഷിനെ എടുത്തിട്ട് അലക്കിയ ജയയുടെ ട്രിപ്പിള്‍ പഞ്ച് പ്രാക്ടീസ് വീഡിയോ സൈന വീഡിയോ വിഷനിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

സിനിമയുടെ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോയ ദിവസം തൊട്ട് എങ്ങനെയാണ് സ്റ്റണ്ട് സീനുകള്‍ ചെയ്യാന്‍ പോകുന്നതെന്ന ചിന്ത തന്റെ ഉള്ളിലുണ്ടായിരുന്നുവെന്നും അന്ന് തൊട്ട് ഇതിന് വേണ്ടിയുള്ള ട്രെയ്‌നിങ്ങ് ആരംഭിച്ചിരുന്നുവെന്നുമാണ് വീഡിയോയില്‍ ദര്‍ശന പറയുന്നത്. സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ തനിക്ക് പരിക്ക് പറ്റിയതിനെക്കുറിച്ചും വീഡിയോയില്‍ ദര്‍ശന പരാമര്‍ശിക്കുന്നുണ്ട്.

ദര്‍ശനയെ പരീശിലിപ്പിച്ച ട്രെയ്‌നര്‍ ലെന്‍ ആണ്. ദര്‍ശന ഒരുപാട് ചിത്രത്തിന് വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും റെസ്റ്റെടുക്കാന്‍ പറയുമ്പോള്‍ പോലും നിര്‍ത്താതെ വര്‍ക്ക് ഔട്ട് ദര്‍ശന ചെയ്ത് കൊണ്ടിരിക്കുമെന്നുമാണ് ലെന്‍ പറയുന്നത്.

ഒരാള്‍ തന്നെക്കാള്‍ ആരോഗ്യമുള്ള ആളുമായി ഫൈറ്റിന് വരുമ്പോള്‍ അല്ലെങ്കില്‍ ഒരാള്‍ ഒന്നിലധികം ആളുകളെ ഇടിക്കുമ്പോഴോ ബിഗ് ബജറ്റ് സിനിമകളില്‍ പോലും പലപ്പോഴും അവിശ്വസിനീയത തോന്നാറുണ്ടെന്നും അങ്ങനെ നോക്കുമ്പോള്‍ ജയയുടെ ഫൈറ്റിലൂടെ ദര്‍ശന ഞെട്ടിച്ചു എന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു.

ഫൈറ്റിന്റെ പെര്‍ഫെക്ഷന് വേണ്ടി വിദേശത്ത് നിന്നുമുള്ള ട്രെയ്നേഴ്സിനെ വെച്ച് പരിശീലിച്ച ദര്‍ശനയുടെ കഠിനാധ്വാനത്തിനും പ്രേക്ഷകരില്‍ നിന്നും കയ്യടി ഉയരുന്നുണ്ട്. നായികയുടെ ചവിട്ടിന് പ്രശംസകള്‍ ഉയരുമ്പോഴും ചിലര്‍ സ്റ്റണ്ട് സീനില്‍ സംശയങ്ങളും ഉന്നയിക്കുന്നുണ്ടായിരുന്നു. ഇവരുടെ സംശയങ്ങളെല്ലാം ഇല്ലാതക്കുന്നതാണ് പുറത്ത് വിട്ട പഞ്ച് പ്രാക്ടീസ് വീഡിയോ.

content highlight: jaya jaya hey movie darshana rajendran stunt practice video