ചരിത്രം സൃഷ്ടിക്കാന്‍ ബുംറ; വേണ്ടത് മൂന്നേ മൂന്ന് വിക്കറ്റ് മാത്രം
Cricket
ചരിത്രം സൃഷ്ടിക്കാന്‍ ബുംറ; വേണ്ടത് മൂന്നേ മൂന്ന് വിക്കറ്റ് മാത്രം
ഫസീഹ പി.സി.
Tuesday, 28th April 2026, 6:00 pm

ഐ.പി.എല്ലില്‍ തങ്ങളുടെ എട്ടാം മത്സരത്തിന് ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഏപ്രിൽ 29ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

നിലവില്‍ ഏഴ് മത്സരങ്ങള്‍ നിന്ന് രണ്ട് വിജയം മാത്രമാണ് മുംബൈക്കുള്ളത്. നാല് പോയിന്റുള്ള മുന്‍ ചാമ്പ്യന്മാര്‍ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. അതിനാല്‍ ഒരു തോല്‍വി കൂടി ടീമിന് താങ്ങാനാവില്ല.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജസ്പ്രീത് ബുംറ. Photo: iplt20.com

ഈ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ മുംബൈയുടെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമുണ്ട്. ടി – 20യില്‍ 350 വിക്കറ്റുകള്‍ എന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഇതിനായി താരത്തിന് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ മതി.

നിലവില്‍ ടി – 20യില്‍ ബുംറയ്ക്ക് 347 വിക്കറ്റുകളാണുള്ളത്. 274 ഇന്നിങ്സുകളില്‍ കളിച്ചാണ് ഫാസ്റ്റ് ബൗളര്‍ ഇത്രയും വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയത്. താരം ഇന്ത്യ, ഗുജറാത്ത്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളായി കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ടി – 20യില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും ബുംറയ്ക്ക് സാധിക്കും. നിലവില്‍ യുസ്വേന്ദ്ര ചഹല്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍. താരത്തിന് 331 ഇന്നിങ്‌സില്‍ നിന്നായി 388 വിക്കറ്റുകളുണ്ട്.

യുസ്വേന്ദ്ര ചഹല്‍.

അതേസമയം, ഈ സീസണില്‍ ഇതുവരെ ബുംറയ്ക്ക് തന്റെ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഏഴ് മത്സരങ്ങളില്‍ കളിച്ച താരത്തിന് ഇതുവരെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. സീസണിലെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഫാസ്റ്റ് ബൗളര്‍ക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചിരുന്നില്ല.

ഈ സീസണിലെ ആറാം മത്സരത്തിലായിരുന്നു ബുംറ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ഇനിയും തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്താത്ത താരം ഈ നേട്ടം സ്വന്തമാക്കുമോയെന്ന് കണ്ട് തന്നെ അറിയണം.

Content Highlight: Jasprit Bumrah need three wickets to complete 350 wickets in T20s

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി