2026 ടി-20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ടീമിന്റെ മുന്നേറ്റം. മത്സരത്തില്‍ ഏഴ് റണ്‍സിനാണ് സൂര്യയും സംഘവും വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 246 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് നീലപ്പടയുടെ വിജയം.
മത്സരത്തില്‍ നിര്‍ണായക പ്രകടനമാണ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റെടുത്തിരുന്നു. 33 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 8.25 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഡെത്ത് ഓവറില്‍ കിടിലന്‍ ഓവര്‍ ചെയ്ത് നിര്‍ണായക പ്രകടനമായിരുന്നു ബുംറ കാഴ്ചവെച്ചത്.
മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിനെയാണ് ബുംറ പുറത്താക്കിയത്. ഇതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. അന്തരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ നേടുന്ന ബൗളര്‍മാരില്‍ ഏറ്റവും മികച്ച ആവറേജുള്ള താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെ മറികടന്നാണ് ബുംറ ഒന്നാമനായത്.
അന്തരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ നേടുന്ന ബൗളര്‍മാരില്‍ ഏറ്റവും മികച്ച ആവറേജുള്ള താരം, ആവറേജ്, വിക്കറ്റ്
2016ല്‍ അരങ്ങേറ്റം കുറിച്ച താരം ഈ നേട്ടം സ്വന്തമാക്കിയത് മൂന്ന് ഫോര്‍മാറ്റുകളിലായി കളത്തിലിറങ്ങിയാണ്. ബുംറ ടെസ്റ്റില്‍ 52 മത്സരങ്ങളില്‍ കളിച്ച് 234 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ 89 ഏകദിനത്തില്‍ നിന്ന് 149 വിക്കറ്റുകള്‍ സ്വന്തമാക്കി. ടി-20യില്‍ ഫാസ്റ്റ് ബൗളര്‍ക്ക് 94 മത്സരങ്ങളില്‍ നിന്ന് 117 വിക്കറ്റുകളും നേടി.
മാത്രമല്ല 500 എന്ന മാന്ത്രിക സംഖ്യ തൊട്ട ബൗളറുമാരുടെ എലീറ്റ് ലിസ്റ്റില്‍ എട്ടാമത്തെ ഇന്ത്യന്‍ താരമായി ബുംറ ഇടം നേടി. അനില്‍ കുംബ്ലെ, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിങ്, കപില്‍ ദേവ്, രവീന്ദ്ര ജഡേജ, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
മത്സരത്തില്‍ ബുംറയ്ക്ക് പുറമെ ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
മറുവശത്ത് ഇംഗ്ലണ്ടിനായി ബാറ്റിങ്ങില്‍ ജേക്കബ് ബേഥല്‍ 48 പന്തില്‍ 105 റണ്‍സെടുത്തു. വില്‍ ജാക്സ് 20 പന്തില്‍ 35 റണ്‍സും സംഭാവന ചെയ്തു. ബൗളിങ്ങില്‍ വില്‍ ജാക്‌സും ആദില്‍ റഷീദും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒപ്പം ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Jasprit Bumrah In Great Record Achievement In International Cricket