ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് തുടക്കമായിരിക്കുകയാണ്. എല്ലാ ഫോര്‍മാറ്റുകളുമായി 12 മത്സരങ്ങളുടെ പര്യടനത്തില്‍ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ക്രൈസ്റ്റ് ചര്‍ച്ചാണ് ആദ്യ മത്സരത്തിന് വേദി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി.

ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ് കരിയറിലെ സുപ്രധാന നാഴികക്കല്ലിലൊന്ന് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ 100 ടി-20 മത്സരങ്ങള്‍ താരം പൂര്‍ത്തിയാക്കി. ഇന്ത്യയ്ക്കായി 100 ടി-20കള്‍ കളിക്കുന്ന ഏഴാമത് മാത്രം താരമാണ് അര്‍ഷ്ദീപ്.

ഇന്ത്യയ്ക്കായി ഏറ്റവുമധികം ടി-20 മത്സരങ്ങള്‍

(താരം – മത്സരം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 159

ഹര്‍ദിക് പാണ്ഡ്യ – 138

വിരാട് കോഹ്‌ലി – 125

സൂര്യകുമാര്‍ യാദവ് – 113

അക്‌സര്‍ പട്ടേല്‍ – 113*

ജസ്പ്രീത് ബുംറ – 100

അര്‍ഷ്ദീപ് സിങ് – 100*

എം.എസ്. ധോണി – 98

2022 ജൂലൈ ഏഴിന് ഇംഗ്ലണ്ടിനെതിരെ സതാംപ്ടണിലാണ് അര്‍ഷ്ദീപ് അരങ്ങേറ്റം കുറിച്ചത്. അന്ന് 3.3 ഓവറില്‍ 18 റണ്‍സ് വഴങ്ങി താരം രണ്ട് വിക്കറ്റ് വീഴ്ത്തി.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായും അര്‍ഷ്ദീപ് സ്വയം അടയാളപ്പെടുത്തി. നൂറ് മത്സരത്തില്‍ പന്തെടുത്ത 96 ഇന്നിങ്‌സില്‍ നിന്നുമായി വീഴ്ത്തിയത് 146 വിക്കറ്റുകള്‍, രണ്ടാമതുള്ള ജസ്പ്രീത് ബുംറയേക്കാള്‍ 20 കൂടുതല്‍.

20.47 ശരാശരിയിലും 14.18 സ്‌ട്രൈക് റേറ്റിലും പന്തെറിയുന്ന താരം രണ്ട് ഫോര്‍ഫറുകളും ഒരു ഫൈഫറും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

Photo: BCCI/x.com

അതേസമയം, ന്യൂസിലാന്‍ഡിനെതിരെ നാല് ഓവറില്‍ 45 റണ്‍സിന് ഒരു വിക്കറ്റ് താരം സ്വന്തമാക്കി. മായങ്ക് യാദവും അക്‌സര്‍ പട്ടേലുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

40 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ന്യൂസിലാന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍. മൂന്ന് സിക്‌സറും എട്ട് ഫോറും അടക്കം 205.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഫിന്‍ അലന്‍ 24 പന്തില്‍ 45 റണ്‍സ് നേടിയപ്പോള്‍ റണ്‍ ഔട്ടായി മടങ്ങും മുമ്പ് ബെവോണ്‍ ജെയിംസ് 16 പന്തില്‍ 31 റണ്‍സും സ്വന്തമാക്കി.

 

Content Highlight: Arshdeep Singh completes 100 T20I matches for India