ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന തന്റെ സോളോ ഫോട്ടോ എക്‌സിബിഷനില്‍ നിന്ന് ചിത്രങ്ങള്‍ കൂട്ടത്തോടെ നീക്കം ചെയ്യാന്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തിയ സംഭവത്തില്‍ മകനും ഫോട്ടോഗ്രാഫറുമായ റൈഹാന്‍ വദ്രയ്ക്ക് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് എം.പി പ്രിയങ്കാ ഗാന്ധി. അധികാരമുള്ളവര്‍ മറ്റുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുമ്പോള്‍ തന്നെ അവര്‍ തോറ്റുകഴിഞ്ഞുവെന്ന് പ്രിയങ്ക വ്യക്തമാക്കി.

സത്യത്തിനൊപ്പം നില്‍ക്കുന്ന മകനെയോര്‍ത്ത് അഭിമാനമുണ്ടെന്നും പ്രിയങ്ക എക്‌സില്‍ പങ്കുവെച്ച തന്റെ കുറിപ്പില്‍ പറയുന്നു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ദല്‍ഹിയിലെ പ്രശസ്തമായ ബികാനീര്‍ ഹൗസിലാണ് റൈഹാന്‍ വദ്രയുടെ ‘ നോ ഐഡിയ ഇസ് ഫൈനല്‍’ l’ എന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനം ഒക്ടോബര്‍ 21-ന് വൈകിട്ട് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നത്.

വന്യജീവികള്‍, അബ്സ്ട്രാക്റ്റ് കലകള്‍ എന്നിവയ്ക്ക് പുറമെ ദല്‍ഹിയിലെ ജന്തര്‍ മന്ദിറിലും മറ്റും കഴിഞ്ഞ ആറുമാസത്തിനിടെ നടന്ന യുവജന പ്രക്ഷോഭങ്ങളുടെ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയും ഉള്‍പ്പെടെ 105 ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഉണ്ടായിരുന്നത്.

‘അധികാരമുള്ള ഒരാള്‍ മറ്റൊരാളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുമ്പോള്‍, അയാള്‍ അതറിയുന്നില്ലെങ്കിലും താന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അതേ അധികാരം അയാള്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. നീ സത്യത്തിനും മനോഹരമായ കാര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുക, അത് നിന്നിലേക്ക് തനിയെ വഴിനടന്നെത്തും. എനിക്ക് നിന്നില്‍ അഭിമാനമുണ്ട്, എപ്പോഴും അങ്ങനെയായിരിക്കും,’ പ്രിയങ്ക ഗാന്ധി കുറിച്ചു.

പ്രദര്‍ശനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒക്ടോബര്‍ 21 ഉച്ചയ്ക്ക് 3:30-നാണ് ചിത്രങ്ങള്‍ മാറ്റണമെന്ന നിര്‍ദേശവുമായി ബികാനീര്‍ ഹൗസ് മാനേജ്മെന്റ് റൈഹാനെ സമീപിക്കുന്നത്. വൈകിട്ട് 5 മണിക്കുള്ളില്‍ ചിത്രങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പ്രദര്‍ശനം റദ്ദാക്കുമെന്നായിരുന്നു അധികൃതരുടെ ഭീഷണി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ സമയമല്ലെന്നും ചിത്രങ്ങള്‍ക്ക് ‘അമിത രാഷ്ട്രീയ സ്വഭാവമുണ്ടെന്നും’ അവര്‍ വാദിച്ചു.

വിലക്കപ്പെട്ട ചിത്രങ്ങള്‍ ഒഴിവാക്കി പ്രദര്‍ശനം ഭാഗികമായി ഒക്ടോബര്‍ 25 വരെ തുടരുമെന്നും, എന്നാല്‍ തടഞ്ഞുവെക്കപ്പെട്ട പ്രക്ഷോഭ ചിത്രങ്ങള്‍ മുഴുവനായി ജനങ്ങളിലേക്ക് എത്തിക്കാന്‍ മറ്റൊരു വേദി കണ്ടെത്തുമെന്നും അദ്ദേഹം റൈഹാന്‍ വദ്ര ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. ദേശീയ പതാകയുള്ള രണ്ട് ചിത്രങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

ജൂണ്‍ മാസം തന്നെ പ്രദര്‍ശനത്തിന്റെ എല്ലാ ലേഔട്ടുകളും കൃത്യമായി സമര്‍പ്പിച്ച് അനുമതി വാങ്ങിയതാണെന്നും അവസാന നിമിഷമുള്ള ഈ നടപടി ആസൂത്രിത സെന്‍സര്‍ഷിപ്പ് ആണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

പവന്‍ ഖേര, കാര്‍ത്തി ചിദംബരം തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും റൈഹാന്റെ പിതാവ് റോബര്‍ട്ട് വദ്രയും അധികൃതരുടെ നടപടിയെ ശക്തമായി അപലപിച്ചു. കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ നടത്തുന്ന കടന്നുകയറ്റമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബികാനീര്‍ ഹൗസ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

 

Content Highlight: Power fears expression; I am proud of you: Priyanka Gandhi shares an emotional message for her son, Raihan.