2026 ടി – 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ തങ്ങളുടെ ആറാം സെമി ഫൈനലിന് യോഗ്യത നേടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് ടീമിന്റെ വിജയം.
ഇന്ത്യൻ ടീം. Photo: BCCI/x.com
ഈ വിജയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിറം മങ്ങിയെങ്കിലും സൂപ്പര്‍ താരം ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നാല് ഓവറില്‍ 36 റണ്‍സുകള്‍ വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ ഈ പ്രകടനം.
ഇതോടെ ടി – 20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളില്‍ ഒന്നാമതെത്താന്‍ ബുംറയ്ക്ക് സാധിച്ചു. എന്നാല്‍, താരം ഈ നേട്ടത്തില്‍ ഒറ്റക്കല്ല. ടീമിലെ തന്റെ സഹ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങും ഒന്നാമതുണ്ട്. ഇരുവര്‍ക്കും 35 വിക്കറ്റുകള്‍ വീതമാണുള്ളത്.
ജസ്പ്രീത് ബുംറ. Photo: BCCI/x.com
നേരത്തെ ബുംറ ഈ ലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നെങ്കിലും പിന്നീട് അര്‍ഷ്ദീപ് താരത്തെ പിന്തള്ളുകയായിരുന്നു. വിന്‍ഡീസിനെതിരെ ബുംറ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപിന് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചിരുന്നില്ല അതോടെയാണ് ബുംറ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.
ഈ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയോടുള്ള മത്സരത്തിന് ശേഷം ടി – 20 ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരനായി ബുംറ തന്റെ പേര് എഴുതി ചേര്‍ത്തിരുന്നു. അന്നത്തെ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു താരത്തിന്റെ ഈ നേട്ടം. ആര്‍. അശ്വിനെ മറികടന്നായിരുന്നു ബുംറ ഈ നേട്ടം കൈവരിച്ചിരുന്നത്.
എന്നാല്‍, ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ എന്ന ഈ റെക്കോഡിന് വലിയ ആയുസുണ്ടായിരുന്നില്ല. രണ്ടാം സൂപ്പര്‍ 8 മത്സരത്തില്‍ നീലപ്പട സിംബാബ്വേയെ നേരിട്ടപ്പോള്‍ അര്‍ഷ്ദീപ് ഈ പട്ടം തന്റെ പേരിലേക്ക് മാറ്റിയെടുത്തു. ഷെവറോണ്‍സിന്റെ മൂന്ന് താരങ്ങളെ കൂടാരം കയറ്റിയായിരുന്നു താരം റെക്കോഡ് നേടിയെടുത്തത്.
അര്‍ഷ്ദീപ് സിങ്. Photo: BCCI/x.com
അവസാന സൂപ്പര്‍ 8 മത്സരത്തില്‍ വിന്‍ഡീസിനെതിരെ വിക്കറ്റ് വീഴ്ത്തി ബുംറയിപ്പോള്‍ വീണ്ടും തലപ്പത്തെത്തിരിക്കുകയാണ്. എന്നാല്‍, അര്‍ഷ്ദീപ് ഒട്ടും പിന്നിലല്ല, താരത്തിനൊപ്പം തന്നെയുണ്ട്. ഇന്ത്യയ്ക്ക് ഇനിയും ടൂര്‍ണമെന്റില്‍ മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ റെക്കോഡിലെ പേരുകള്‍ ഇനിയും മാറിമറിഞ്ഞേക്കാം. 2026 ലോകകപ്പ് അവസാനിക്കുമ്പോള്‍ ആര്‍ക്കാണ് കിരീടം സ്വന്തമാകുക എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍, വിക്കറ്റുകള്‍