ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും പകരക്കാരാകാന്‍ റിഷബ് പന്തിനും യശസ്വി ജെയ്‌സ്വാളിനും കഴിയുമെന്ന് ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ പ്രഗ്യാന്‍ ഓജ. ടെസ്റ്റ് ക്രിക്കറ്റിലൂടെ കൂടുതല്‍ പക്വത നേടുന്ന താരങ്ങള്‍ക്ക് ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളുടെ കളിമികവ് മെച്ചപ്പെടുത്തുന്നതിനൊപ്പം കളിയെക്കുറിച്ച് കൂടുതല്‍ മികച്ച ധാരണ വളര്‍ത്തിയെടുക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിഷബ് പന്തിന്റെ ആക്രമണോത്സുകമായ ബാറ്റിങ്ങിനെയും ഐ.പി.എല്ലിലെ പ്രകടനങ്ങളെയും പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യശസ്വി

‘ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും പകരക്കാരാകാന്‍ റിഷബ് പന്തിനും യശസ്വി ജെയ്സ്വാളിനും കഴിയും. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ കളിക്കുന്തോറും പക്വതയിലൂടെ ഒരു താരത്തിന്റെ മൊത്തത്തിലുള്ള കളിമികവ് മെച്ചപ്പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുകയും കളിയെക്കുറിച്ച് കൂടുതല്‍ മികച്ച ധാരണ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പന്ത് കളിക്കുന്ന രീതി നോക്കൂ. ഐ.പി.എല്ലില്‍ അദ്ദേഹം എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമ്മള്‍ ഇതിനകം കണ്ടതാണ്. അവിടെ റണ്‍സ് നേടുകയും മത്സരങ്ങള്‍ ജയിപ്പിക്കുന്ന താരമായി മാറുകയും ചെയ്തിട്ടുണ്ട്. ഭാവിയിലും അദ്ദേഹം അതുതന്നെ ആവര്‍ത്തിക്കുമെന്നാണ് എന്റെ വിശ്വാസം. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നമുക്കത് കാണാനാകും.

റിഷബ് പന്ത്

ഇത്തരം പ്രതിഭകളെ കാണുമ്പോള്‍ അവരെ പിന്തുണയ്ക്കണം. ഈ തീപ്പൊരി ഒരു തീജ്വാലയായി മാറുമെന്ന് നിങ്ങള്‍ക്ക് അറിയാം. അങ്ങനെ സംഭവിച്ചുകഴിഞ്ഞാല്‍, അദ്ദേഹത്തോട് മത്സരിക്കാന്‍ മറ്റാരുമുണ്ടാകില്ല,’ ശുഭംഗര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ അദ്ദേഹത്തിന് പറഞ്ഞു.

ഇന്ത്യന്‍ ദേശീയ ക്രിക്കറ്റിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്തുനിന്ന് അജിത് അഗാര്‍ക്കര്‍ ഒഴിഞ്ഞ ശേഷം പ്രഖ്യാന്‍ ഓജയാണ് പുതിയ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നിലവില്‍ പരിക്കിന്റെ പിടിയായ റിഷബ് പന്തിനും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമില്‍ സ്ഥാനം ലഭിക്കാത്ത ജെയ്‌സ്വാളിനും പിന്തുണ നല്‍കി കൊണ്ടാണ് പ്രഗ്യാന്‍ നിലപാട് വ്യക്തമാക്കിയത്.

അതേ സമയം ഇന്ത്യ-ന്യൂസിലാന്‍ഡ് ഓള്‍ ഫോര്‍മാറ്റ് പരമ്പരക്ക് ഇന്ന് കളമൊരുങ്ങും. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുക. ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12.30നാണ് നടക്കുക.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

Content Highlight: Indian Cricket Chief Selector Pragyan Ohja Talking About Rishabh Pant And Yashaswi Jaiswal