മിമിക്രി കലാകാരാനായും ടെലിവിഷൻ അവതാരകനായുമാണ് ജയസൂര്യ വെള്ളിത്തിരയിലേക്ക് കടന്ന് വരുന്നത്. പിന്നീട് പത്രമെന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്ക് ചുവട് വെച്ചു. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് ജയസൂര്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തുടരെ മികച്ച സിനിമകളുടെ ഭാഗമായ് സിനിമയിൽ സജീവമാകുകയായിരുന്നു താരം.
സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ചോക്ലേറ്റ്, ക്ലാസ്മേറ്റ്സ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതിലൂടെ നടൻ ജനപ്രിയനാവുകയായിരുന്നു. ട്രിവാൻഡ്രം ലോഡ്ജ്, അപ്പോത്തിക്കിരി, സു സു സുധി വാത്മീകം, ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി, വെള്ളം എന്നീ സിനിമകളിലെ ഗൗരവവും വെല്ലിവിളിയും നിറഞ്ഞ വേഷങ്ങൾ അദ്ദേഹത്തിന്റെ ഉള്ളിലെ മികച്ച നടനെ അടയാളപ്പെടുത്തുന്നവയാണ്.
ഇപ്പോഴിതാ തന്റെ പുതിയ സിനിമ ടൈറ്റൻസിനുമായ് ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ബ്യൂട്ടിഫുൾ എന്ന സിനിമയിലെ തന്റെ ക്യാരക്ടറൈസേഷൻ ഇങ്ങനെയായിരുന്നില്ലെന്നും ഇൻസ്പയർ ചെയ്തത് ഹൃതിക് റോഷന്റെ ഗുസാരിഷ് എന്ന സിനിമയാണെന്നും പറഞ്ഞത്.

ബ്യൂട്ടിഫുള്ളിലെ രംഗം.Photo.Screen Grab/Youtube.com
‘ഒരു സിനിമ വന്നിരുന്നു, ഹൃതിക് റോഷന്റെ ഒരു പടമാണ്, ഗുസാരിഷ് എന്നാണ് സിനിമയുടെ പേര്. ആ സിനിമ കണ്ട് എനിക്ക് ഭ്രാന്തായി. എന്ത് രസമാണ് ചെയ്തു വെച്ചിക്കുന്ന സെറ്റപ്പും കാര്യങ്ങളൊക്കെ. അപ്പോൾ ഞാനും അനൂപും കൂടെ ഒരു സിനിമ പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു . ഞാൻ പറഞ്ഞു ഈ ക്യാരക്ടർ ഗുസാരിഷിലെ പോലെയാകണമെന്ന്. അതിനു മുമ്പ് വേറൊരു രീതിയിലായിരുന്നു എന്റെ ക്യാരക്ടറൈസേഷൻ.
ആദ്യം രണ്ടു പേരുള്ള ഫ്രണ്ട്ഷിപ്പും കാര്യങ്ങളൊക്കെയായിരുന്നു. ഞാൻ പറഞ്ഞു അത് വേണ്ട ഇങ്ങനെ ആക്കിയാൽ അതിലൊരു പുതുമ ഉണ്ടാകുമെന്ന്. അങ്ങനെയാണ് പിന്നീട് അവൻ ആ ക്യാരക്ടർ അങ്ങനെയാക്കി മാറ്റിയത്,’ നടൻ പറഞ്ഞു.
അത് രസമായിട്ടുള്ള ഒരു കഥയിൽ വന്നു ചേർന്നതുകൊണ്ടാണ് സിനിമയും തന്റെ ക്യാരക്ടറും നന്നായതെന്നും എല്ലാ പടത്തിലും താനിങ്ങനെ അഭിനയിച്ചാൽ നന്നാവില്ലെന്നും തമാശരൂപേണ താരം കൂട്ടിച്ചേർത്തു. വികെപിയുടെയും ജോമോന്റേയും കരിയറിലെ മികച്ച വർക്കാണ് ഈ സിനിമയെന്നും നടൻ വ്യക്തമാക്കി.
വി.കെ.പ്രകാശിന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് ബ്യൂട്ടിഫുൾ. തിയേറ്ററിൽ വൻ വിജയമായ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും രചിച്ചത് അനൂപ് മേനോനായിരുന്നു. ചിത്രത്തിലെ പാട്ടുകളും ജോമോൻ ടി. ജോണിന്റെ ഛായാഗ്രഹണവും അന്നേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Content Highlight: Jayasurya stated that his characterization in Beautiful had not been like that, adding that it had been inspired by Hrithik Roshan’s Guzaarish.
