ഇന്ത്യ-ന്യൂസിലാൻഡ് ഓൾ ഫോർമാറ്റ് പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാൻഡിൽ കളിക്കുക. ടി-20 പരമ്പരക്കാണ് നാളെ തുടക്കമാവുന്നത്. മലയാളി സൂപ്പർ താരം സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി-20 പരമ്പരയിൽ നടത്തിയ മികച്ച പ്രകടനം ന്യൂസിലാൻഡിലും സഞ്ജു ആവർത്തിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
ന്യൂസിലാൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ സഞ്ജുവിന് ഒരു തകർപ്പൻ റെക്കോഡും സ്വന്തമാക്കാൻ സാധിക്കും. ടി-20യിൽ 450 സിക്സുകൾ പൂർത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതുവരെ ടി-20യിൽ 439 സിക്സുകൾ നേടിയ സഞ്ജുവിന് 11 സിക്സുകൾ കൂടി നേടിയാൽ ഈ മൈൽസ്റ്റണിലേക്ക് നടന്നു കയറാൻ സാധിക്കും.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് താരങ്ങൾ മാത്രമാണ് ടി-20യിൽ 450 സിക്സുകൾ നേടിയിട്ടുള്ളൂ. രോഹിത് ശർമയും വിരാട് കോഹ്ലിയും. കിങ്ങിനും ഹിറ്റ്മാനും ശേഷം മൂന്നാമനായി സഞ്ജു ഈ നേട്ടത്തിലെത്തുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
ഇന്ത്യ, കേരളം രാജസ്ഥാൻ റോയൽസ്, ദൽഹി ഡെയർ ഡെവിൾസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ടി-20 യിൽ കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയധികം സിക്സുകൾ നേടിയത്.

വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന പരമ്പരയിൽ സഞ്ജു മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. രണ്ട് അർധ സെഞ്ച്വറികളായിരുന്നു സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. റാഞ്ചിയിൽ നടന്ന മത്സരത്തിൽ 41 പന്തിൽ 82 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒമ്പത് ഫോറും നാല് സിക്സറും അടക്കം 200.00 സ്ട്രൈക് റേറ്റിലായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
പിന്നീട് ഹൈദരാബാദിലും സഞ്ജു ഫിഫ്റ്റി നേടി തിളങ്ങി. മത്സരത്തിൽ 23 പന്തിൽ നിന്ന് നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 56 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഈ മിന്നും പ്രകടനം കിവീസിനെതിരെയും സഞ്ജു ആവർത്തിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ.
ന്യൂസിലാൻഡ് പരമ്പരക്കുള്ള ഇന്ത്യൻ ടി-20 സ്ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, മായങ്ക് യാദവ്, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
Content Highlight: Sanju Samson need 11 six to create a new record in T20
