തമിഴകത്തിന്റെ ദളപതി വിജയ് സിനിമാജീവിതത്തോട് വിടപറഞ്ഞത് ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ചിരുന്നു. അച്ഛന്‍ തിളങ്ങിയ സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുകയാണ് മകന്‍ ജേസണ്‍ സഞ്ജയ്. സംവിധായകനായാണ് ജേസണ്‍ തമിഴകത്ത് തന്നെ അടയാളപ്പെടുത്താന്‍ പോകുന്നത്. ജേസണിന്റെ ആദ്യചിത്രം സിഗ്മ റിലീസിന് തയാറെടുക്കുകയാണ്.

പക്കാ മാസ് മസാല സിനിമയായിട്ടാണ് ജേസണ്‍ സിഗ്മ ഒരുക്കിയിട്ടുള്ളതെന്ന് ഓരോ അപ്‌ഡേറ്റും സൂചിപ്പിക്കുന്നുണ്ട്. തെലുങ്ക് താരം സന്ദീപ് കിഷനാണ് ചിത്രത്തിലെ നായകന്‍. ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് സംവിധായകന്‍ രാജമൗലിയായിരുന്നു സിഗ്മയുടെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. ആദ്യചിത്രത്തിലൂടെ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാന്‍ ജേസന് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

സിനിമയിലേക്ക് കടക്കണമെന്ന ആഗ്രഹത്തോട് ആദ്യം മുതലേ കുടുംബത്തിലെ എല്ലാവരും നല്ല പിന്തുണയായിരുന്നു നല്‍കിയതെന്ന് ജേസണ്‍ പറയുന്നു. അച്ഛന്‍ തമിഴിലെ വലിയ താരമാണെന്നതും മുത്തശ്ശന്‍ കോളിവുഡിലെ ടോപ് സംവിധായകരിലൊരാളാണെന്നതിന്റെയും പ്രഷര്‍ നല്ലവണ്ണം ഉണ്ടെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ജേസണ്‍ സഞ്ജയ്.

‘പടത്തിന്റെ മേക്കിങ്ങില്‍ അച്ഛനും മുത്തശ്ശനും ഇടപെട്ടിട്ടില്ല. അവരെ ഇതുവരെ ഒരൊറ്റ ഫൂട്ടേജും കാണിച്ചിട്ടില്ല. തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ മുഴുവന്‍ സിനിമയായി കണ്ടാല്‍ മതി എന്നാണ് എന്റെ തീരുമാനം. ആ ഒരു ഫ്രഷ്‌നെസ്സില്‍ അവര്‍ സിനിമ കാണുമ്പോള്‍ പ്രത്യേക ഇംപാക്ടാണല്ലോ ഉണ്ടാകുന്നത്. അതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.

വണ്‍ലൈന്‍ പറഞ്ഞപ്പോള്‍ അവര്‍ ചില നിര്‍ദേശങ്ങള്‍ തന്നിട്ടുണ്ടായിരുന്നു. ആദ്യമായി സിനിമ ചെയ്യുമ്പോള്‍ അത് നൂറ് ശതമാനം എന്റേത് മാത്രമാകണമെന്ന ആഗ്രഹത്തോട് എല്ലാവരും കൂടെ നിന്നിട്ടുണ്ട്. സന്ദീപിനോട് ആദ്യ നറേഷന്‍ നടത്താന്‍ രണ്ടര മണിക്കൂറോളം എടുത്തു. ഓരോ സീനും എങ്ങനെയാണ് എടുക്കുകയെന്ന് കൃത്യമായി വിവരിക്കുകയായിരുന്നു ചെയ്തത്,’ ജേസണ്‍ പറഞ്ഞു.

തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് സിഗ്മ നിര്‍മിച്ചത്. ഫൈറ അബ്ദുള്ളയാണ് ചിത്രത്തിലെ നായിക. സമ്പത്ത് രാജ്, രാജു സുന്ദരം, യോഗ് ജാപ്പി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജൂലൈയില്‍ തിയേറ്ററുകളിലെത്തേണ്ട ചിത്രം ജന നായകന്റെ റിലീസ് കാരണം മാറ്റുകയായിരുന്നു. ഇളയ ദളപതിയുടെ അരങ്ങേറ്റം മോശമാകില്ലെന്നാണ് പലരും കരുതുന്നത്.

Content Highlight: Jason Sanjay about the response he got from Vijay and S A Chandrasekhar