കോഴിക്കോട്: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജന്മഭൂമി മുഖപ്രസംഗം. സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്കുള്ളില്‍ സുരക്ഷിതമായി നില്‍ക്കുകയും കൈവന്ന പദവികള്‍ കൊണ്ട് പലര്‍ക്കും തലതൊട്ടപ്പനെന്ന് തോന്നിപ്പിക്കുകയും ചെയ്ത പ്രതിഭാസം എന്നാണ് മുഖപ്രസംഗത്തില്‍ എം.ടിയെ വിശേഷിപ്പിക്കുന്നത്.
ദേശാഭിമാനിക്കാരന്‍ വെച്ചുനീട്ടുന്ന പുരസ്‌കാരത്തോടുള്ള ബഹുമാനം കൊണ്ട് അല്‍പമൊന്ന് കുനിഞ്ഞതാണ് എം.ടി എന്ന ആരോപണവും മുഖ പ്രസംഗം മുന്നോട്ടുവെക്കുന്നുണ്ട്. മോദിക്കെതിരെ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്ന കുപ്രചരണത്തിന് എം.ടി വാസുദേവന്‍ നായര്‍ നിന്നുകൊടുത്തതാണെന്നാണ് ജന്മഭൂമി ആരോപിക്കുന്നത്.
“നവംബര്‍ എട്ടിന് രാത്രി നരേന്ദ്രമോദി കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെ നോട്ട് റദ്ദാക്കല്‍ പ്രഖ്യാപിച്ചതുമുതല്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകള്‍ നടത്തിയ കുപ്രചാരണങ്ങളുടെ ഭാഗമായുള്ള വേഷം കെട്ടലിന് എംടി വാസുദേവന്‍ നായര്‍ നിന്നുകൊടുത്തെങ്കില്‍ അത് വിമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്. അങ്ങനെ വിമര്‍ശിക്കുന്നവരില്‍ അദ്ദേഹത്തിന്റെ ആരാധകരും കണ്ടേക്കാം. അത്തരക്കാരെ സംഘപരിവാറാക്കുന്നതും കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നതും സിപിഎമ്മിനുവേണ്ടി നുണ പറയാന്‍ നിയോഗിക്കപ്പെട്ടവരുടെ ജോലിയാണ്.” മുഖപ്രസംഗത്തില്‍ പറയുന്നു.
പിണറായിയുടെ പാര്‍ട്ടിക്കുവേണ്ടി എം.ടിയുടെ നാക്ക് വാടകയ്ക്ക് കൊടുത്തതാണെന്നും അതിന് എം.ടി വിമര്‍ശനം സഹിക്കേണ്ടിവരുമെന്നും ജന്മഭൂമി പറയുന്നു.
“പ്രൊഫ.എം.എന്‍. വിജയനെ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും നോവിച്ചപ്പോള്‍ ഈ സാംസ്‌കാരിക നായകനെ കണ്ടില്ല. വിജയന്‍ മാഷ് മരിച്ചപ്പോള്‍ അദ്ദേഹം നല്ലൊരു വാധ്യാരായിരുന്നു എന്നാണ് പിണറായി വിജയന്‍ അനുസ്മരിച്ചത്. സി.വി. ബാലകൃഷ്ണനും പി. വത്സലയും കെ.സി. ഉമേഷ്ബാബുവുമൊക്കെ രാഷ്ട്രീയ അസഹിഷ്ണുതയ്ക്ക് ഇരയായപ്പോള്‍, തിലകനെ സിനിമയിലെ കമാലുദ്ദീന്മാര്‍ ബഹിഷ്‌കരിച്ചപ്പോള്‍. സുരേഷ്ഗോപിയെ നരാധമനായ നരേന്ദ്രമോദിയുടെ അടിമയെന്ന് അസഭ്യം പറഞ്ഞപ്പോള്‍, ദേശാടനത്തിനും നന്ദനത്തിനും വര്‍ഗീയത ആരോപിച്ച് പുരസ്‌കാരങ്ങള്‍ നിഷേധിച്ചപ്പോള്‍, പ്രേംനസീറിന് പ്രതിമ പാടില്ലെന്ന് മതമൗലിക ശക്തികള്‍ വാളെടുത്തപ്പോള്‍, ചേകന്നൂര്‍ മൗലവി അസ്തമിച്ചപ്പോള്‍, പ്രൊഫ.ടി.പി. ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞപ്പോള്‍, പ്രൊഫ.പിഎന്‍. സരസുവിന് മാര്‍ക്സിസ്റ്റ് കുട്ടികള്‍ കലാലയ മുറ്റത്ത് പട്ടട തീര്‍ത്തപ്പോള്‍, മാറാട് കടപ്പുറത്ത് എട്ട് അരയന്മാര്‍ പിടഞ്ഞുവീണ് മരിച്ചപ്പോള്‍, എന്തിന് സാക്ഷാല്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തിരൂരിലെ ഏതോ സര്‍ക്കാര്‍ ഓഫീസിന്റെ മൂലയ്ക്ക് ചാക്കില്‍ പൊടി പിടിച്ച് കിടന്നപ്പോള്‍ പോലും ഒരക്ഷരം ഉരിയാടാത്ത ഈ മഹാ സാഹിത്യകാരന്‍ ഇപ്പോള്‍ പിണറായിയുടെ പാര്‍ട്ടിക്കുവേണ്ടി നാക്ക് വാടകയ്ക്ക് കൊടുത്തെങ്കില്‍ വിമര്‍ശനം സഹിക്കേണ്ടി വരും. വാക്ക് മാത്രമല്ല, എഴുത്തും പ്രവര്‍ത്തിയും രാഷ്ട്രീയവും വിമര്‍ശിക്കപ്പെടും. അത് സ്വാഭാവികമാണ്.” എം.ടിക്കെതിരായ അധിക്ഷേപത്തെ ന്യായീകരിച്ചുകൊണ്ട് ജന്മഭൂമി പറയുന്നു.
സംഘപരിവാര്‍ സംഘടനകള്‍ കാലങ്ങളായി ആവശ്യപ്പെടുന്ന എം.ടിയില്‍ നിന്നും തുഞ്ചന്‍പറമ്പിനെ മോചിപ്പിക്കുകയെന്ന ആവശ്യം മുഖപ്രസംഗവും ഉയര്‍ത്തുന്നുണ്ട്.
“ഇപ്പോള്‍ കമാലുദ്ദീനും പാണന്മാരും പാടി നടക്കുന്നത് തുഞ്ചന്‍പറമ്പ് കൈക്കലാക്കാനുള്ള സംഘപരിവാര്‍ നീക്കം തടഞ്ഞതോടെയാണ് എം.ടിക്കെതിരെ വിമര്‍ശനം ഉയരുന്നതെന്നാണ്.” എന്നു പറയുന്ന മുഖപ്രസംഗം പിന്നീട് ഈ ആരോപണത്തെ ശരിവെക്കുന്നുമുണ്ട്.
“ശരിയാണ്. അസുരവിത്തുകളുടെ പിടിയില്‍ നിന്ന് ആചാര്യന്റെ മണ്ണ് സ്വതന്ത്രമാക്കപ്പെടണമെന്ന് സംഘപരിവാര്‍ ആഗ്രഹിച്ചിട്ടുണ്ട്.” മുഖപ്രസംഗത്തില്‍ പറയുന്നു.
“എം.ടി തുഞ്ചന്‍പറമ്പ് ഭരിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് ഓര്‍ത്തുവേണം അത്തരം ആരോപണങ്ങളിലേക്ക് കടക്കാന്‍. രാമായണത്തിന്റെ ശീലുകള്‍ കേട്ടുണര്‍ന്നിരുന്ന ആചാര്യന്റെ മണ്ണില്‍ നിന്ന് രാമായണപാരായണം വിലക്കപ്പെട്ടത് ആ കാലത്തായിരുന്നു. നിലവിളക്ക് മുസ്ലീംലീഗിനുമാത്രമല്ല തുഞ്ചന്‍പറമ്പിനും ഹറാമായി മാറിയത് ആ കാലത്തായിരുന്നു. ഏത് ചൂതാട്ടക്കമ്പനിക്കാര്‍ക്കും തുഞ്ചന്‍പറമ്പ് വാടകയ്ക്ക് കൊടുത്ത് പണമുണ്ടാക്കാമെന്ന് കണ്ടുപിടിക്കപ്പെട്ടതും ആ കാലത്താണ്.” എന്നുപറഞ്ഞുകൊണ്ടാണ് എം.ടിയില്‍ നിന്നും തുഞ്ചന്‍ പറമ്പ് സ്വതന്ത്രമാക്കണമെന്ന വാദത്തെ ജന്മഭൂമി ന്യായീകരിക്കുന്നത്.
സാഹിത്യത്തിലെ വി.എസ് എന്നും മുഖപ്രസംഗത്തില്‍ എം.ടിയെ പരാമര്‍ശിക്കുന്നുണ്ട്. “തൊണ്ടകീറി പ്രസംഗവേദിയില്‍ മിമിക്രി കാണിക്കാറില്ല എന്നതൊഴിച്ചാല്‍ സാഹിത്യത്തിലെ ഒരു വി.എസാണ് കൂടല്ലുര്‍ക്കാരന്‍ വാസുദേവന്‍ നായര്‍ എന്നതാണ് സമകാലികരായ എഴുത്തുകാരില്‍ പലരുടെയും അനുഭവം.” മുഖപ്രസംഗത്തില്‍ പറയുന്നു.

