വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജന നായകന്‍ അതിന്റെ തിയേറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ആറ് മാസത്തോളം റിലീസ് വൈകുകയും ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്ത ചിത്രം ജൂലൈ 23നാണ് തിയേറ്ററുകളിലെത്തിയത്. ലീക്കായ ഒരു ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ജന നായകന് ലഭിച്ചുകഴിഞ്ഞു.
ബോക്‌സ് ഓഫീസില്‍ നിന്ന് 310 കോടിക്കടുത്താണ് ചിത്രം സ്വന്തമാക്കിയത്. ഈ വര്‍ഷം തമിഴിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കളക്ഷനാണ് ജന നായകന്റേത്. കരിയറിലെ നാലാമത്തെ 300 കോടി ക്ലബ്ബ് ജന നായകനിലൂടെ ദളപതി സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത്രയും ഉയര്‍ന്ന കളക്ഷന്‍ നേടിയിട്ടും 150 കോടിയുടെ നഷ്ടം വിതരണക്കാര്‍ക്ക് സമ്മാനിച്ചെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
350 കോടിക്ക് ഒരുക്കിയ ജന നായകന്‍ ബ്രേക്ക് ഇവനാകണമെങ്കില്‍ 475-500 കോടിയെങ്കിലും ആവശ്യമാണ്. എന്നാല്‍ 300 കോടിക്ക് മേലെ ചിത്രത്തിന് നേടാന്‍ സാധിച്ചിട്ടില്ല. തമിഴ്‌നാട്, ഓവര്‍സീസ്, കേരള, ആന്ധ്ര/ തെലങ്കാന, കര്‍ണാടക തുടങ്ങി സകലയിടത്തും ചിത്രം വലിയ നഷ്ടമാണ് വിതരണക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ 100 കോടിയോളമാണ് ചിത്രത്തിന്റെ റൈറ്റ്‌സ്. ലാഭമാകണമെങ്കില്‍ മിനിമം 220 കോടിയെങ്കിലും ആവശ്യമാണ്. എന്നാല്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകളനുസരിച്ച് 116 കോടി മാത്രമേ ചിത്രത്തിന് നേടാനായുള്ളൂ. നാല് വിതരണ കമ്പനികള്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടില്‍ ജന നായകന്‍ വിതരണം ചെയ്തത്. എല്ലാവര്‍ക്കും കനത്ത നഷ്ടമാണ് ചിത്രം സമ്മാനിച്ചത്.
കേരളത്തില്‍ 15 കോടി എന്ന വമ്പന്‍ തുകക്ക് റൈറ്റ്‌സ് സ്വന്തമാക്കിയ ജന നായകന്‍ ഇതുവരെ 16 കോടി മാത്രമേ നേടിയിട്ടുള്ളൂ. ഹിറ്റാകണമെങ്കില്‍ 35 കോടിയെങ്കിലും ആവശ്യമാണ്. കേരളത്തിലും ചിത്രം ഡിസാസ്റ്ററായി മാറിക്കഴിഞ്ഞു. ഹിറ്റാകാന്‍ 30 കോടി ആവശ്യമുള്ള കര്‍ണാടകയില്‍ നിന്ന് ആകെ ലഭിച്ചത് 27 കോടിയാണ്.
ആന്ധ്ര/ തെലങ്കാന റീജിയണിലും സ്ഥിതി വ്യത്യസ്തമല്ല. ബ്രേക്ക് ഈവന്‍ ടാര്‍ഗറ്റായ 20 കോടി ജന നായകന് സ്വന്തമാക്കാനായിട്ടില്ല. 13 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഓവര്‍സീസില്‍ 210 കോടി ആവശ്യമുള്ളിടത്ത് 93 കോടിയാണ് ജന നായകന് ലഭിച്ചത്. അവസാന ചിത്രം ഓള്‍ ഏരിയ ഡിസാസ്റ്ററായെന്ന മോശം നേട്ടം ദളപതിയുടെ പേരിലായിരിക്കുകയാണ്.
എന്നിരുന്നാലും ഇത്രയും പ്രതിസന്ധി അതിജീവിച്ച് എത്തിയ ഒരു സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിയോളം നേടിയത് അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്. വിജയ് അല്ലാതെ മറ്റേതൊരു താരം അഭിനയിച്ചാലും ജന നായകന് ഇത്രയും വലിയ കളക്ഷന്‍ ലഭിക്കില്ലെന്ന് ഉറപ്പാണ്.
Content Highlight: Jana Nayagan became all area disaster in Box Office