92 വര്‍ഷത്തിനിടയിലെ രണ്ടാമന്‍; സച്ചിനോ വിരാടിനോയില്ലാത്ത നേട്ടത്തില്‍ ജമ്മു നായകന്‍
Cricket
92 വര്‍ഷത്തിനിടയിലെ രണ്ടാമന്‍; സച്ചിനോ വിരാടിനോയില്ലാത്ത നേട്ടത്തില്‍ ജമ്മു നായകന്‍
ഫസീഹ പി.സി.
Monday, 16th February 2026, 8:18 pm

രഞ്ജി ട്രോഫിയില്‍ ചരിത്രം സൃഷ്ടിച്ച് ജമ്മു കാശ്മീര്‍ ക്യാപ്റ്റന്‍ പരസ് ഡോഗ്ര. രഞ്ജി ട്രോഫിയില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ജമ്മു ക്യാപ്റ്റന്‍ സ്വന്തം പേരില്‍ എഴുതി കുറിച്ചത്. ബംഗാളിന് എതിരെ നടന്ന രഞ്ജി ട്രോഫി സെമി ഫൈനലിലാണ് താരം ഈ നേട്ടത്തിലെത്തിയത്.

മത്സരത്തില്‍ ഡോഗ്ര 112 പന്തില്‍ 58 റണ്‍സെടുത്തിരുന്നു. ഏഴ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇന്നിങ്‌സില്‍ 11 റണ്‍സ് നേടിയപ്പോഴായാണ് താരം കരിയറിലെ ഈ സുപ്രധാന മൈല്‍സ്റ്റോണില്‍ എത്തിയത്. തന്റെ 147ാം മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങിയതാണ് ജമ്മു ക്യാപ്റ്റന്‍ ഈ നേട്ടം അക്കൗണ്ടിലെത്തിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് മുംബൈ ഇതിഹാസമായ വസീം ജാഫറാണ്. നിലവില്‍ താരം തന്നെയാണ് രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്നിലുള്ളത്. മുന്‍ മുംബൈ ഓപ്പണര്‍ക്ക് ഈ രഞ്ജിയില്‍ 12038 റണ്‍സുണ്ട്. 10047 റണ്‍സാണ് രണ്ടാമതുള്ള ഡോഗ്രയ്ക്കുള്ളത്.

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, റണ്‍സ്

വസീം ജഫാര്‍ – 12038

പരസ് ഡോഗ്ര – 10047*

അമോല്‍ മജുംദാര്‍ – 9202

ദേവേന്ദ്ര ബുണ്ടേല – 9201

യശ്പാല്‍ സിങ് – 8700

അതേസമയം, ബംഗാളിന് എതിരെയുള്ള സെമി ഫൈനലില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ജമ്മു അഞ്ച് വിക്കറ്റിന് 198 റണ്‍സെടുത്തിട്ടുണ്ട്. ആബിദ് മുഷ്താഖ് (38 പന്തില്‍ 26), കനയ്യ വാധവാന്‍ (30 പന്തില്‍ 10) എന്നിവരാണ് ക്രീസിലുള്ളത്. ടീമിനായി ഡോഗ്രക്ക് പുറമെ, അബ്ദുല്‍ സമദ് 85 പന്തില്‍ 82 റണ്‍സെടുത്തിട്ടുണ്ട്.

ബംഗാളിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളും മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ, ബംഗാള്‍ ഒന്നാം ഇന്നിങ്‌സില്‍ 328 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി സ്യുഡിപി കുമാര്‍ ഘരാമി 246 പന്തില്‍ 146 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം അഭിമന്യു ഈശ്വരന്‍ (96 പന്തില്‍ 49), ഷഹബാസ് അഹമ്മദ് (42 പന്തില്‍ 91), സുമന്ത ഗുപ്ത (36 പന്തില്‍ 39) റണ്‍സും ചേര്‍ത്തു.

ജമ്മുവിനായി അക്വിബ് നബി അഞ്ച് വിക്കറ്റുകളും സുനില്‍ കുമാര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. യുദ്ധ്വിര്‍ സിങ്ങും ആബിദ് മുഷ്താഖും ഓരോ വിക്കറ്റുകളും നേടി.

Content Highlight: Jammu Kashmir captain Paras Dogra became second player to complete 10000 runs in Ranji Trophy after Wasim Jaffer

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി