ജനവിധി മാനിച്ചുള്ള തീരുമാനം; ഘടക കക്ഷികളുടെ അഭിപ്രായം തേടി; സതീശനെ അഭിനന്ദിച്ച് ലീഗ്
Kerala
ജനവിധി മാനിച്ചുള്ള തീരുമാനം; ഘടക കക്ഷികളുടെ അഭിപ്രായം തേടി; സതീശനെ അഭിനന്ദിച്ച് ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2026, 3:49 pm

മലപ്പുറം: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുസ്‌ലീം ലീഗ്. ജനവിധി മാനിച്ചുള്ള തീരുമാനമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൈക്കൊണ്ടതെന്ന് ലിഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഘടക കക്ഷികളുടെ അഭിപ്രായം അവര്‍ പല തവണ തേടിയിരുന്നതായും സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു.

‘സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എ.ഐ.സി.സി പ്രഖ്യാപിച്ചിരിക്കുകയാണ്. ആ തീരുമാനത്തില്‍ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ നേരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനമാണ് പ്രധാനമായിട്ടുള്ളത്. ഹൈക്കമാന്റ് തീരുമാനിച്ചു. ആ തീരുമാനം കേരള ജനതയ്‌ക്കൊപ്പം ഞങ്ങളും അംഗീകരിക്കുകയാണ്. ഒരു നല്ല ഭരണം നടത്താന്‍ തീര്‍ച്ചയായും സതീശന് സാധിക്കും. ടീം യുഡിഎഫിന്റെ ഭരണം തന്നെയായിരിക്കും ഇനി വരുന്ന അഞ്ച് വര്‍ഷക്കാലമുണ്ടാവുക,’ സാദിഖലി തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ നിര്‍ണയിക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജനാധിപത്യപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചു. ഈ കാര്യത്തില്‍ ജനാധിപത്യപരമായ എല്ലാ കാര്യങ്ങളും അവര്‍ പരിശോധിച്ചു. ഘടകകക്ഷികളുടെ അഭിപ്രായങ്ങളും അവര്‍ പല തവണ തേടിയിരുന്നു. ഇന്നും ഖാര്‍ഗെ തങ്ങളോട് അഭിപ്രായം തേടിയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ലീഗ് നിലപാടിന് കിട്ടിയ അംഗീകാരമാണോ ഇത് എന്ന ചോദ്യത്തിന് കേരള ജനതയുടെ ജനനവിധിയെ മാനിച്ചുകൊണ്ടുള്ള തീരുമാനമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ദല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വി.ഡി സതീശന്‍ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായാണ് സ്ഥാനമേല്‍ക്കുന്നത്. കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ കേരള മുഖ്യമന്ത്രിയാണ് വി.ഡി സതീശന്‍. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി ആരെന്ന തീരുമാനം പുറത്ത് വന്നത്.

Content Highlight: IUML Response on VD Satheesan’s CM post