കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന വില കൂടി, ഇത് മോഡിണോമിക്‌സ്; പരിഹാസവുമായി രാഹുല്‍ ഗാന്ധി
Fuel Price
കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന വില കൂടി, ഇത് മോഡിണോമിക്‌സ്; പരിഹാസവുമായി രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th May 2018, 12:01 am

ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇന്ധന വില കൂടിയതില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഢ്ഡികളാക്കുകയാണ് മോദിയുടെ തന്ത്രമെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില കൂടിയത് ജനങ്ങളെ വിഢ്ഡികളാക്കലല്ലാതെ മറ്റെന്താണെന്നും ഇത് മോഡിണോമിക്‌സ് ആണെന്നും രാഹുല്‍ പരിഹസിച്ചു.

19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. വിലവര്‍ധനയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചതിനെ തുടര്‍ന്ന് പ്രത്യേക അറിയിപ്പൊന്നും കൂടാതെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവച്ചിരുന്നു. നിര്‍ണ്ണായകമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജനവികാരം എതിരാകാതിരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു.


Read | തെരഞ്ഞെടുപ്പ് രക്തത്തില്‍ കുതിര്‍ത്ത് തൃണമൂല്‍


കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി.

പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ ഈ വര്‍ഷമാദ്യം പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പരിഗണിച്ചിരുന്നില്ല.

2014 നവംബര്‍ മുതല്‍ 9 തവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില പലതവണ മാറിയപ്പോഴും ഇതിനിടെ ഒരിക്കല്‍ മാത്രമാണ് എക്‌സൈസ് തീരുവ കുറച്ചത്.