ഏകദിന ക്രിക്കറ്റിലും ചരിത്രം കുറിക്കാനൊരുങ്ങി ഇറ്റലി. 2026 ഡിസംബറില്‍ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് യോഗ്യത പ്ലേ ഓഫ് മത്സരം കളിക്കാനാണ് ഇറ്റാലിയന്‍ ക്രിക്കറ്റ് ടീം ഒരുങ്ങുന്നത്.
ഇതോടെ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഏകദിനം കളിക്കാനാണ് അസൂറിപ്പട തയ്യാറെടുക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ 22 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതോടെ ഇറ്റലി മത്സരിക്കുന്ന എല്ലാ മത്സരങ്ങളും ഔദ്യോഗിക ഇന്റര്‍നാഷണല്‍ മത്സരമായി അംഗീകരിക്കപ്പെടും.
ടാന്‍സാനിയയില്‍ നടന്ന ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ചലഞ്ച് ലീഗ് ബി-യിലൂടെയാണ് ഇറ്റലി യോഗ്യത മത്സരങ്ങള്‍ക്കായി ക്വാളിഫൈ ആയത്. 15 മത്സരങ്ങളില്‍ നിന്നും 12 വിജയവുമായാണ് ഇറ്റലി അടുത്ത റൗണ്ടിലേക്ക് കടന്നത്.
മികച്ച രണ്ടാം സ്ഥാനക്കാരായാണ് അസൂറിപ്പടയുടെ മുന്നേറ്റം. 2027 ഏകദിന ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളില്‍ 10 ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ നേരിട്ട് യോഗ്യത ഉറപ്പാക്കും. ഇറ്റലിക്ക് 50 ഓവര്‍ ഫോര്‍മാറ്റില്‍ പുതിയ ചരിത്രം സൃഷ്ടിക്കാനാവുമോയെന്ന് കണ്ടുതന്നെ അറിയണം.
അതേസമയം 2026 ടി-20 ലോകകപ്പില്‍ ഇറ്റലി ഭാഗമായിരുന്നു. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന 25ാം ടീമായിരുന്നു ഇറ്റലി. 20 ടീമുകള്‍ അണിനിന്ന 2026 ടി-20 ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ഏക ടീമും ഇറ്റലി തന്നെയായിരുന്നു.
ടി-20 ലോകകപ്പിന് മുമ്പ് നടന്ന അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കി ഇറ്റലി കരുത്ത് കാട്ടിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് പരാജയപ്പെട്ടെങ്കിലും, തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഫുള്‍ മെമ്പര്‍ നേഷനെതിരെ സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്.
2026 ടി-20 ലോകകപ്പില്‍ നേപ്പാളിനെ തകര്‍ത്ത് ഇറ്റലി ആദ്യ വിജയവും സ്വന്തമാക്കിയിരുന്നു. നേപ്പാള്‍ ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 44 പന്ത് ശേഷിക്കെ ഇറ്റലി മറികടക്കുകയായിരുന്നു.
ആദ്യ വിജയത്തിനൊപ്പം തന്നെ ഇറ്റലിക്ക് ഒരു എലീറ്റ് ലിസ്റ്റിലും ഇടം നേടാന്‍ സാധിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കുന്ന ടീമുകളിലാണ് അസൂറികള്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തത്.
Content Highlight: Italy set to play their first odi match in history