വെടിയൊച്ചയൊക്കെ നിര്‍ത്തേണ്ട സമയമായി; പൊലീസ് അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കരുത്: സുഗതന്റെ അറസ്റ്റില്‍ കെ. മുരളീധരന്‍
Kerala
വെടിയൊച്ചയൊക്കെ നിര്‍ത്തേണ്ട സമയമായി; പൊലീസ് അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കരുത്: സുഗതന്റെ അറസ്റ്റില്‍ കെ. മുരളീധരന്‍
നിഷാന. വി.വി
Thursday, 11th June 2026, 7:09 am

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും ബി.ജെ.പി കൗണ്‍സിലറുമായ സുഗതന്റെ അറസ്റ്റില്‍ പൊലീസിനെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. വെടിയൊച്ചയെല്ലാം നിര്‍ത്തേണ്ട സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് മണ്ഡലത്തില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യണമെന്നാണ് സ്ഥല എം.എല്‍.എ എന്ന നിലയില്‍ തന്റെ ആഗ്രഹമെന്നും മുരളീധരന്‍ പറഞ്ഞു.

‘കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് ഈ വെടിയൊച്ചകള്‍ തുടങ്ങിയത് പൊലീസ് അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കരുത്,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ സുഗതന്റെ അറസ്റ്റില്‍ പൊലീസിനെ പ്രശംസിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കൗണ്‍സിലറുടെ അറസ്റ്റില്‍ അസ്വാഭാവികതയില്ലെന്നും ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാഴോട്ടുകോണത്ത് നിന്നുള്ള ബി.ജെ.പി കൗണ്‍സിലറായ സുഗതനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. രാത്രി 12 മണിയോടെ സുഗതനെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും രാവിലെ ആറ് മണിയോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ സുഗതന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിരുന്നു. പൊലീസ് ആകാശത്തേക്ക് നിറയൊഴിക്കുകയും ചെയ്തിരുന്നു.

Content Highlight: It’s time to stop the gunfire; Police should not create unnecessary tension: K. Muraleedharan on Sugathan’s arrest

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.