വിവാഹിതനായ പുരുഷന്‍ ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല: അലഹബാദ് ഹൈക്കോടതി
India
വിവാഹിതനായ പുരുഷന്‍ ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല: അലഹബാദ് ഹൈക്കോടതി
നിഷാന. വി.വി
Saturday, 28th March 2026, 8:40 am

പ്രയാഗ്‌രാജ്: വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി.

ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍ പൂരിലെ യുവതിയുടെ കുടുംബത്തില്‍ നിന്ന് ഭീഷണി നേരിടുന്ന ലിവ് ഇന്‍ ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം.

‘വിവാഹിതനായ പുരുഷന്‍ പരസ്പര സമ്മതത്തോടെ ലിവ് ഇന്‍ റിലേഷന്‍ നയിക്കുന്നത് നിയമപരമായി കുറ്റകരമല്ല.

സാമൂഹിക ധാര്‍മികതയും നിയമവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. സമൂഹം ഒരു ബന്ധത്തെ തെറ്റായി കാണുന്നുവെന്നത് കൊണ്ട് മാത്രം അത് നിയമപരമായി കുറ്റകരാമാവില്ല, കോടതി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ യുവാവിനൊപ്പം താമസിക്കുന്നതെന്ന് ലിവ് ഇന്‍ റിലേഷനിലെ യുവതി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചിരുന്നതായും കോടതി പറഞ്ഞു.

എന്നാല്‍ ദുരഭിമാന കൊലപാതക ഭീഷണി വീട്ടില്‍ നിന്നുണ്ടായിട്ടും പെലീസ് നടപടി സ്വീകരിച്ചില്ലെന്നും കോടതി പറഞ്ഞു.

ഒരുമിച്ച് താമസിക്കുന്ന രണ്ട് മുതിര്‍ന്നയാളുകളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ജെ.ജെ മുനീര്‍, ജസ്റ്റിസ് തരുണ്‍ സക്‌സേന, എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.

ദമ്പതികളെ അറസ്റ്റ് ചെയ്യരുതെന്നും സംരക്ഷണം നല്‍കണമെന്നും ഷാജഹാന്‍പൂര്‍ പൊലീസ് സുപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.

യുവതിയുടെ കുടുംബം തട്ടികൊണ്ട് പോവല്‍ ആരോപിച്ച് കേസ് കൊടുത്തിരുന്നു.
യുവാവ് വിവാഹിതനായത് കൊണ്ട് മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നത് കുറ്റകരമാണെന്നും കുടുംബം വാദിച്ചു.

എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളികൊണ്ടാണ് ദമ്പതികള്‍ക്കനുകൂലമായ കോടതി നിരീക്ഷണം.

Content Highlight: It is not a crime for a married man to engage in a live-in relationship: Allahabad High Court

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.