തന്നെ ഡിപ്രഷന്‍ സ്റ്റാര്‍ എന്ന് വിളിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഒരുപാട് കഷ്ടപ്പെട്ടിട്ടും ആളുകള്‍ ശ്രദ്ധിച്ചില്ലല്ലോ എന്ന് തോന്നിയിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. അത്തരം സിനിമകള്‍ കാണുമ്പോള്‍ പുറത്തേക്ക് ഇറങ്ങാനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഫിസിക്കലി കഷ്ടപ്പാടുകളുള്ള സിനിമയാണ് ചെയ്യാന്‍ കുറച്ച് കൂടി നല്ലതെന്നും ഷെയ്ന്‍ ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ചെയ്യാന്‍ കുറച്ച് കൂടി നല്ലത് ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമയാണെന്ന് എനിക്ക് തോന്നുന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിച്ച് കളയും. പുറത്തേക്ക് ഇറങ്ങാനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായിരുന്നു. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനുമൊക്കെ ഓക്കെയാണ്.

പക്ഷേ എന്തൊക്കെ പറഞ്ഞാലും ജനങ്ങള്‍ക്ക് സിനിമ എന്റര്‍ടൈന്‍മെന്റായിരിക്കണം. ഇങ്ങനെയൊക്കെയുള്ള സീനില്‍ നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും, ആളുകള്‍ നല്ലത് പറഞ്ഞാലും, കൂടുതലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോഷമുള്ള പടമാണ്.

ഒരുപാട് എഫേര്‍ട്ടെടുത്തിട്ടും ആളുകള്‍ ശ്രദ്ധിച്ചില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെ ചില ടാഗ് കാണുമ്പോഴും ഇത്രയൊക്കെ കഷ്ടപ്പെട്ട്, ഉറക്കമൊഴിച്ച് അഭിനയിച്ചിട്ട്, ആളുകള്‍ ഭയങ്കരം സില്ലിയായി പറയുമ്പോഴും വിഷമം തോന്നും,’ ഷെയ്ന്‍ പറഞ്ഞു.

ആദ്യമൊക്കെ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്ന മെസേജ് എന്താണെന്നാണ് താന്‍ ചിന്തിക്കാറെന്നും ഇന്നിപ്പോള്‍ എന്താണ് ആളുകള്‍ക്ക് പുതിയതായി കൊടുക്കാനുള്ളത് എന്ന് മാത്രമാണ് നോക്കാറുള്ളൂവെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കിയ ഫാമിലി ആക്ഷന്‍ ചിത്രമായ ആര്‍.ഡി.എക്‌സ് ഓണം റിലീസായി ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന പടത്തിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒരു യഥാര്‍ത്ഥ മാസ് സിനിമയാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നീരജ് മാധവിന്റേയും ഷെയ്ന്‍ നിഗത്തിന്റേയും പെപ്പെയുടെ തേരോട്ടമാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ചിത്രത്തിന്റെ ഒ.ടി.ടി സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയിരുന്നു. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്., വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബറിവാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എഡിറ്റര്‍ ചമന്‍ ചാക്കോ, ഛായാഗ്രഹണം അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം സാം സി.എസ്. വരികള്‍ മനു മഞ്ജിത്ത്.

CONTENT HIGHLIGHTS: It feels bad when people call you a depression star even if you act hard: Shane Nigam