ജെനിന് സമീപമുള്ള ഖബാത്തിയയില്‍ നടത്തിയ റെയ്ഡിനിടെയായിരുന്നു ഇസ്രഈല്‍ സൈന്യത്തിന്റെ അപകരിഷ്‌കൃത നടപടി. ഇസ്രഈല്‍ സൈന്യം ഡസന്‍കണക്കിന് ഫലസ്തീന്‍ നിവാസികളെ വളഞ്ഞുവെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ നെറ്റിയിലും കൈകളിലും അക്കങ്ങള്‍ പതിപ്പിച്ചതായും നിവാസികള്‍ പറയുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെ കുറഞ്ഞത് 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അഹമദ് അല്‍ ഹത്‌നവി എന്നയാള്‍ പറഞ്ഞു. തന്റെ നെറ്റിയില്‍ 44 എന്ന അക്കം പതിപ്പിച്ചിട്ടുണ്ടെന്നും മുമ്പ് നാല് തവണ അറസ്റ്റിലായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ നമ്പര്‍ പതിപ്പിക്കുന്നത് ആദ്യമാണെന്നും ഹത്‌നവി മാധ്യമങ്ങളോട് പറഞ്ഞു.
റെയ്ഡിനിടെ സൈന്യം തന്നെയും മറ്റുള്ളവരെയും ചോദ്യം ചെയ്യലിനായി കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് കുടിയേറ്റക്കാര്‍ വരുമ്പോള്‍ യാതൊരുവിധ പ്രകോപനവും ഉണ്ടാക്കരുതെന്നും അവര്‍ ദീര്‍ഘകാലം ഇവിടെ തന്നെ തുടരുമെന്നും സൈന്യം പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
കുടിയേറ്റ വ്യാപനത്തെ ചെറുക്കുന്നതില്‍ കുടുംബങ്ങളെ പിന്തിരിപ്പിക്കുന്നതിനും അവരെ ഭയപ്പെടുത്തുന്നാനുമാണ് ഈ നടപടിയെന്നും ഹത്‌നവി പറഞ്ഞു. സംഭവം വിവാദമായതോടെ, തങ്ങളുടെ സൈനികര്‍ ഫലസ്തീനികളുടെ ശരീരത്തില്‍ നമ്പറുകള്‍ രേഖപ്പെടുത്തിയ കാര്യം ഇസ്രഈല്‍ പ്രതിരോധ സേന ഔദ്യോഗികമായി ശരിവെച്ചു.
പാഠങ്ങള്‍ പഠിച്ചുവെന്ന് പറഞ്ഞ് കൊണ്ട് സൈന്യം ഫലസ്തീനികളുടെ നെറ്റിയില്‍ അക്കമിട്ടുവെന്നാണ് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തടവുകാരുടെ ശരീരത്തില്‍ നമ്പറുകള്‍ കുത്തിവെക്കുന്നതും രേഖപ്പെടുത്തുന്നതും രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ചെയ്തിരുന്ന ക്രൂരതകളാണ് ഓര്‍മിപ്പിക്കുന്നത്.
ഫലസ്തീന്‍ നേതാക്കളും മനുഷ്യാവകാശ സംഘടനകളും ഈ നടപടിയെ ‘ഇരുണ്ട കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന അപരിഷ്‌കൃത നീക്കം’ എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ജനീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് ഫലസ്തീനി സ്ത്രീകളുടെ കൈകളില്‍ ഇത്തരത്തില്‍ നമ്പറുകള്‍ എഴുതിയിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനുശേഷവും അതേ രീതി സൈന്യം ആവര്‍ത്തിച്ചു എന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
Content Highlight: Israeli army marks numbers on Palestinians’ foreheads; warns against opposing settlers.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.