തിരുവനന്തപുരം: കോവിഡിനു ശേഷം കേരളത്തിൽ മരണനിരക്കിലും ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയിലും വലിയ വർധനവുണ്ടായിട്ടുണ്ടെന്നും ഇത് കൃത്യമായി പഠിക്കാൻ ശാസ്ത്രീയമായ ഹെൽത്ത് ഡാറ്റ ശേഖരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.

ജനപ്രതിനിധികൾ എന്ന നിലയിൽ നിരന്തരം മരണവീടുകൾ സന്ദർശിക്കുമ്പോൾ മരണകാരണം കൃത്യമായി അന്വേഷിക്കാറുണ്ട്. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മരണനിരക്ക് കൂടിയിട്ടുണ്ടെന്ന കാര്യം താൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ നിയമസഭയിൽ ഉന്നയിച്ചത്. എന്നാൽ ശാസ്ത്രീയമായ അടിത്തറയില്ലെന്ന് പറഞ്ഞ് അന്നത്തെ ആരോഗ്യമന്ത്രി ഈ വിഷയം തള്ളിക്കളയുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

അടിത്തട്ടു മുതൽ ആരോഗ്യ സംവിധാനങ്ങൾ ശക്തമായ കേരളത്തിൽ ഓരോ മരണത്തിന്റെയും യഥാർത്ഥ കാരണം രേഖപ്പെടുത്തുന്ന സമഗ്ര ആരോഗ്യ വിവരശേഖരണം (ഹെൽത്ത് ഡാറ്റ) സാധ്യമാണ്. മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഭാവിയിലെ മഹാമാരികളെ നേരിടാൻ ഇത്തരം വിവരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ-സ്വകാര്യ മേഖലകളിൽ താഴേത്തട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയും ആയുർവേദ, ഹോമിയോ ആശുപത്രികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുറത്തുനിന്ന് വരുന്ന ഒരാൾക്ക് കേരളം മുഴുവൻ രോഗികളാണോ എന്ന് തോന്നുന്ന വിധത്തിലാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികളും അന്താരാഷ്ട്ര ബന്ധങ്ങളും കൂടുതലുള്ള സംസ്ഥാനമായതിനാൽ ആഗോളതലത്തിൽ പടരുന്ന രോഗങ്ങളും നിപ്പ പോലുള്ള പുതിയ വൈറസുകളും ഇവിടെ വേഗത്തിൽ എത്തുന്നുണ്ട്. എന്നാൽ, രോഗം വന്ന ശേഷം മാത്രം ചികിത്സിക്കുന്ന രീതിക്ക് പകരം രോഗം വരാതെ നോക്കുന്ന പ്രതിരോധത്തിനും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തലിനും മുൻഗണന നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കായികാധ്വാനം കുറയുകയും അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണവും ജങ്ക് ഫുഡും ക്രമരഹിതമായി കഴിക്കുകയും ചെയ്യുന്നത് ജീവിതശൈലീ രോഗങ്ങൾ കുതിച്ചുയരാൻ കാരണമാകുന്നു. പ്രമേഹവും രക്താതിമർദ്ദവും അടക്കമുള്ള ഈ രോഗങ്ങളാണ് ഒടുവിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണക്രമവും ഉപേക്ഷിച്ച് കൃത്യമായ ജീവിതശൈലി രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

രോഗപ്രതിരോധവും രോഗങ്ങൾ നേരത്തെ കണ്ടെത്തലും മുൻനിർത്തി ആരോഗ്യ വിദഗ്ധരെയും സംഘടനകളെയും ഉൾപ്പെടുത്തി സംസ്ഥാനവ്യാപകമായി വലിയൊരു ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേരളത്തിന്റെ അനുകൂല കാലാവസ്ഥയും മികച്ച ആരോഗ്യരംഗവും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ആഗോളതലത്തിലുള്ള പ്രമുഖ ‘ഹെൽത്ത് ഡെസ്റ്റിനേഷൻ’ ആക്കി മാറ്റാൻ കഴിയണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Content Highlight:Mortality rates and lifestyle diseases have risen post-COVID; comprehensive health data is essential: V.D. Satheesan.