സ്യൂട്ട പ്രതിസന്ധി: ഇസ്രഈല്‍ സ്‌പെയിനിനെതിരെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി വിമര്‍ശനം
World
സ്യൂട്ട പ്രതിസന്ധി: ഇസ്രഈല്‍ സ്‌പെയിനിനെതിരെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി വിമര്‍ശനം
റെന്വര്‍ പി
Tuesday, 4th August 2026, 8:42 am

മാഡ്രിഡ്: മൊറോക്കോയില്‍ നിന്ന് ആഫ്രിക്കയിലുള്ള സ്പാനിഷ് പ്രദേശം സ്യൂട്ടയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ ഇസ്രഈല്‍ നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിനിനെതിരായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ ഇസ്രഈല്‍ കരുവാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈലിന്റെ സഖ്യകക്ഷിയാണ് മൊറോക്കെയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗസ വിഷയത്തില്‍ ഇസ്രഈലിനെതിരെ നിലപാട് സ്വീകരിച്ച രാജ്യമാണ് സ്‌പെയിന്‍. ഗസ വംശഹത്യയെ സ്‌പെയിന്‍ ശക്തമായി അപലപിച്ചിരുന്നു. ഇറാനെതിരെ യു.എസും ഇസ്രഈലും യുദ്ധം ആരംഭിച്ചതിനോടും സ്‌പെയിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ നിലപാട് കാരണമാണ് സ്‌പെയിനിനെതിരെ ഇസ്രഈല്‍ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ കുടിയേറ്റ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്‌പെയിനിനെതിരെ ഇസ്രഈല്‍ രാഷ്ട്രീയ നേതാക്കള്‍ പരിഹാസം നടത്തുന്നതും വ്യാപകമാണ്. സ്‌പെയിനിനെതിരെ ഇവര്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എനിലെ ഇസ്രഈല്‍ അംബാസര്‍ ഡാനി ഡാനന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. കുടിയേറ്റ പ്രവാഹവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടര്‍ന്ന് സ്യൂട്ടയില്‍ സ്‌പെയിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന് ആരോപിച്ചായിരുന്നു ഡാനന്റെ പ്രസ്താവന.

‘ഇസ്രഈലിനെ പഠിപ്പിക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത സ്‌പെയിന്‍ ഇപ്പോള്‍ കുടിയേറ്റ നയവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടര്‍ന്ന് സ്യൂട്ടയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്,’ ഡാനന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ സ്യൂട്ടയില്‍ സ്‌പെയിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

സ്യൂട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌പെയിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ ശക്തമാക്കുകയാണ് ഇസ്രഈല്‍ നേതാക്കളെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഡെനിസ് സെന്‍സുവയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയിനിനെതിരായ പ്രചാരണങ്ങള്‍ ശക്തമാക്കാന്‍ ഇസ്രഈല്‍ ഔദ്യോഗിക മാധ്യമങ്ങളും ശ്രമിക്കുന്നു. ഇത് ഫലസ്തീന്‍ വിഷയത്തിലും ഇറാനെതിരെയ യു.എസ്-ഇസ്രഈല്‍ ആക്രമങ്ങള്‍ക്കുമെതിരെ സ്‌പെയിന്‍ സ്വീകരിച്ച നിലപാടിനോടുള്ള പ്രതികാര നടപടിയാണെന്നും സെന്‍സുവ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ മൊറോക്കോയില്‍ നിന്ന് 60,000ല്‍ അധികം പേര്‍ കടല്‍ കടന്ന്
സ്യൂട്ടയിലേക്ക് എത്തിയതായാണ് കണക്കാക്കുന്നത്. കടല്‍ കടക്കുന്നതിനിടെ 70ല്‍ അധികം പേര്‍ മുങ്ങി മരിച്ചിരുന്നു. മരണ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ആശങ്ക ഉയരുന്നുണ്ട്.

സ്യൂട്ടയിലെ അഭയാര്‍ത്ഥി പ്രതിസന്ധിക്ക് പിന്നില്‍ ഇസ്രഈലും അമേരിക്കയുമാണെന്ന് സ്പാനിഷ് രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും ആരോപിച്ചിരുന്നു. തങ്ങളുടെ വിദേശനയവും ഗസ വിഷയത്തില്‍ ഫലസ്തീന് അനുകൂലമായി സ്വീകരിച്ച നിലപാടുകളുമാണ് ഈ പ്രതികാര നടപടിയ്ക്ക് കാരണമായതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

സ്യൂട്ട വിഷയത്തില്‍ ഡാനി ദാനോന്‍ എക്‌സില്‍ സ്‌പെയിനിനെ കുറ്റപ്പെടുത്തിപ്പോള്‍ ‘ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാകാന്‍ തുടങ്ങിയിരിക്കുന്നു,’ എന്ന് സ്പാനിഷ് ഗതാഗത മന്ത്രി ഓസ്‌കാര്‍ പ്യൂന്റെ മറുപടി നല്‍കിയിരുന്നു.

സ്പെയിനെ ഷെംഗന്‍ മേഖലയില്‍ നിന്ന് നീക്കം ചെയ്യാനായി ചില ഇറ്റാലിയന്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഇസ്രഈലിന്റേയും യൂറോപ്യന്‍ തീവ്ര വലതുപക്ഷത്തിന്റെയും പിന്തുണയുണ്ടെന്നും ഈ പിന്തുണയോടെയാണ് മൊറോക്കോ ഇത് ചെയ്യുന്നതെന്നും സ്പാനിഷ് രാഷ്ട്രീയ നിരീക്ഷക കരോളിന അലോണ്‍സോയും അഭിപ്രായപ്പെട്ടിരുന്നു. ചൂണ്ടിക്കാട്ടി. ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ സ്വന്തം സ്വാധീനം വര്‍ദ്ധിപ്പിക്കാനും സാഞ്ചസ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നും കരോളിന കൂട്ടിച്ചേര്‍ത്തു.

Content highlight: Israel revels in Spain’s migrant crisis while embarrassing ally Morocco

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.