വെടിനിര്‍ത്തല്‍ കരാറിലെത്തി ലെബനനും ഇസ്രഈലും
Trending
വെടിനിര്‍ത്തല്‍ കരാറിലെത്തി ലെബനനും ഇസ്രഈലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th June 2026, 9:18 pm

വാഷിങ്ടണ്‍: ഇസ്രഈലും ലെബനനിലെ ഹിസ്ബുല്ലകളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിന് ധാരണയിലെത്തി. ഇരു കക്ഷികളും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിറകെ ഹിസ്ബുല്ലയും ഇസ്രഈലും വെടിനിര്‍ത്തലിലെത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ന് വൈകിട്ട് 6.30 ഓടെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഹിസ്ബുല്ലയും ഇസ്രഈലും വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ധാരണയിലായി,’ എന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഇറാന്റെ സഹായത്തോടെ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥരാണ് കരാര്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ഇസ്രഈലും ലെബനനും ഇപ്പോള്‍ വെടിനിലര്‍ത്തല്‍ കരാറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിറകെ ഹിസ്ബുല്ലകളും വെടിനിര്‍ത്തല്‍ കരാര്‍ സ്ഥിരീകരിച്ചു. ഇസ്രഈലുമായി വെടിനിര്‍ത്തല്‍ കരാറില്‍ തങ്ങള്‍ എത്തിച്ചേര്‍ന്നെന്നും അത് പെട്ടെന്ന് തന്നെ പ്രാബല്യത്തില്‍ വരുത്തിയെന്നും ഹിസ്ബുല്ല പ്രതിനിധി അറിയിച്ചു.

ലെബനന്റെ സ്ഥീരീകരണത്തിന് പിറകെ കരാറില്‍ ഇസ്രഈലിന്റെ സ്ഥിരീകരണവും ലഭിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ഇസ്രഈല്‍ ഉന്നതോദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഹിസ്ബുല്ല ഇസ്രഈലിനെ ആക്രമിച്ചാല്‍ വിണ്ടും തങ്ങള്‍ യുദ്ധത്തിലേക്ക് പോകുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ ഇസ്രഈല്‍ സൈന്യം ലെബനനില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതെ സമയം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ നടത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിന്റെ 12 വ്യോമാക്രമണങ്ങളാണ് ഈ സമയത്തിനിടെ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിന് മുമ്പ് ലെബനനില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 47 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളില്‍ 97 പേര്‍ക്ക് പരിക്കേറ്റതായി ലെബനനിലെ പൊതു ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Israel, Hezbollah agree ceasefire, says US official