ഐ.എസ്.എല്ലിലെ നോക്ക് ഔട്ട് ഘട്ടത്തില്‍ റഫറിമാരുടെ തീരുമാനത്തോട് പ്രതിഷേധിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചിരുന്നു. മത്സരത്തിന്റെ 97ാം മിനിട്ടില്‍ പിറന്ന വിവാദ ഗോളിന് പിന്നാലെയാണ് വുകോമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സുമായി മൈതാനം വിട്ടത്.
മത്സരത്തിന്റെ നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ഇരു ടീമും ഗോളടിക്കാത്തതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി വളരെ പെട്ടെന്ന് എടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സീവ് വാള്‍ പടുത്തുയര്‍ത്തും മുമ്പായിരുന്നു ഛേത്രി ഗോള്‍ നേടിയത്.
ഇത് അനുവദിക്കരുതെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ചും ഒഫീഷ്യല്‍സും മാച്ച് റഫറിയായ ക്രിസ്റ്റല്‍ ജോണിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഗോള്‍ അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനോടുള്ള കലിപ്പ് സംഘാടകരായ ഐ.എസ്.എല്‍ തീര്‍ത്തത് ടീമിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയോടാണ്. അവരെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്താണ് സംഘാടകര്‍ പ്രതികാരം വീട്ടിയത്.

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിനെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ഐ.എസ്.എല്ലിന്റെ നീക്കം. ടീമിന്റെ ഉയര്‍ച്ച താഴ്ചകളില്‍ തങ്ങളോടൊപ്പം നിന്നയാളാണ് അദ്ദേഹമെന്നും കേരളം മുഴുവന്‍ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും അവര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
