കിങ്ങിനെ പിന്നിലാക്കി ക്യാപ്റ്റന്‍ തൂക്കിയ റെക്കോഡില്‍ കിഷനും; ഇന്ത്യന്‍ ചരിത്രത്തില്‍ ഇവന്‍ നാലാമന്‍!
Cricket
കിങ്ങിനെ പിന്നിലാക്കി ക്യാപ്റ്റന്‍ തൂക്കിയ റെക്കോഡില്‍ കിഷനും; ഇന്ത്യന്‍ ചരിത്രത്തില്‍ ഇവന്‍ നാലാമന്‍!
ശ്രീരാഗ് പാറക്കല്‍
Thursday, 18th June 2026, 3:32 pm

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 170 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ആതിഥേയര്‍ ഒരു മത്സരം ബാക്കി നില്‍ക്കെ പരമ്പര സ്വന്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 44.3 ഓവറില്‍ 232 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ മിന്നും പ്രകടനമാണ് നടത്തിയത്. 79 പന്തില്‍ 125 റണ്‍സാണ് നാലാമനായി എത്തിയ താരത്തിന്റെ സമ്പാദ്യം. ഏഴ് പന്തില്‍ 14 ഫോറുകളുമാണ് വിക്കറ്റ് കീപ്പറുടെ ബാറ്റില്‍ നിന്ന് പിറന്നത്. 158.23 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

മത്സരത്തില്‍ 1000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാനും കിഷന് കഴിഞ്ഞു. ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമായിരിക്കുകയാണ് കിഷന്‍. ഈ നേട്ടത്തില്‍ മുന്നിലുള്ളത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. വെറും 19 ഇന്നിങ്‌സില്‍ നിന്നാണ് ഗില്‍ ഈ നേട്ടത്തിലെത്തിയത്.

ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടിയ താരങ്ങള്‍ (ഇന്നിങ്സുകള്‍)

ശുഭ്മന്‍ ഗില്‍ – 19

വിരാട് കോഹ്‌ലി – 25

ശിഖര്‍ ധവാന്‍ – 25

ഇഷാന്‍ കിഷന്‍ – 26

അതേസമയം, മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടി. 110 പന്തില്‍ നിന്ന് 154 റണ്‍സാണ് ക്യാപ്റ്റന്റെ സ്‌കോര്‍. രോഹിത് ശര്‍മ 39 പന്തില്‍ 48 റണ്‍സ് സംഭാവന ചെയ്തു.

അഫ്ഗാനിസ്ഥാന് വേണ്ടി നങ്കേയാലിയ ഖരോട്ടെ നാല് വിക്കറ്റുകളെടുത്തപ്പോള്‍ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. അല്ലാഹ് ഗസന്‍ഫറും മുഹമ്മദ് സലീമും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

ബാറ്റിങ്ങില്‍ അഫ്ഗാന്‍ നിരയില്‍ 89 പന്തില്‍ 79 റണ്‍സെടുത്ത റഹ്‌മത് ഷായാണ് തിളങ്ങിയത്. ഒപ്പം സെയ്ദിഖുള്ള അടല്‍ (50 പന്തില്‍ 42), റഹ്‌മാനുള്ളാഹ് ഗുര്‍ബാസ് (33 പന്തില്‍ 41) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഗുര്‍നൂര്‍ ബ്രാറും മൂന്ന് വിക്കറ്റുകളും പ്രിന്‍സ് യാദവ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

Content Highlight: Ishan Kishan Complete 1000 ODI Runs For India

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ