ഇപ്പോ ചതിക്കുമെന്ന് തോന്നും... പക്ഷേ ചതിക്കില്ല, പാവമാ; ദൃശ്യം 3യില്‍ പിടി തരാതെ എസ്.ഐ സുരേഷ് ബാബു
Malayalam Cinema
ഇപ്പോ ചതിക്കുമെന്ന് തോന്നും... പക്ഷേ ചതിക്കില്ല, പാവമാ; ദൃശ്യം 3യില്‍ പിടി തരാതെ എസ്.ഐ സുരേഷ് ബാബു
അമര്‍നാഥ് എം.
Wednesday, 24th June 2026, 3:20 pm

തിയേറ്ററിലെ സ്വീകാര്യതയില്‍ നിന്ന് ഒ.ടി.ടിയിലെ ട്രോള്‍ മെറ്റീരിയലിലേക്ക് ട്രാന്‍സ്‌ഫോം ചെയ്ത ചിത്രമാണ് ദൃശ്യം 3. ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രത്തിലെ പല സീനുകളും ഡയലോഗുകളും ട്രോളന്മാര്‍ക്ക് ചാകരയായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും വലിയ ഫാന്‍ ഫോളോയിങ്ങുള്ള ദൃശ്യം എന്ന ഫ്രാഞ്ചൈസിയിലെ ഏറ്റവും വീക്കായിട്ടുള്ള സ്‌ക്രീപ്റ്റാണ് ദൃശ്യം 3യുടേതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ആദ്യത്തെ രണ്ട് ഭാഗങ്ങളിലും കാണിച്ച കഥാപാത്രങ്ങള്‍ക്ക് സംവിധായകന്‍ വരുത്തിയ മാറ്റം പലര്‍ക്കും ദഹിച്ചിട്ടില്ല. ഇതിന് പുറമെ സ്‌ക്രിപ്റ്റില്‍ വരുത്തിയ ലൂപ്‌ഹോളുകളും ലോജിക്കില്ലായ്മയും തെരഞ്ഞുപിടിച്ച് ട്രോളുകയാണ് പലരും. ദൃശ്യം എന്ന ബ്രാന്‍ഡിന് സാധാരണക്കാര്‍ക്കിടയിലുള്ള സ്വീകാര്യത കൊണ്ട് മാത്രമാണ് ചിത്രം ഹിറ്റായതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ആദ്യഭാഗത്തില്‍ ഉണ്ടാവുകയും രണ്ടാം ഭാഗത്തില്‍ ഇല്ലാതിരിക്കുകയും ചെയ്ത ചില കഥാപാത്രങ്ങള്‍ ദൃശ്യം 3യില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇര്‍ഷാദ് അവതരിപ്പിച്ച എസ്.ഐ. സുരേഷ് ബാബുവാണ് ഇത്തരത്തിലൊന്ന്. ആദ്യഭാഗത്തില്‍ സഹദേവന്റെ പരാതിയെത്തുടര്‍ന്ന് ജോര്‍ജുകുട്ടിയെ ചോദ്യം ചെയ്തതും പിന്നീട് ഗീത പ്രഭാകറെ ഈ വിവരം അറിയിച്ചതും സുരേഷ് ബാബുവായിരുന്നു. എന്നാല്‍ ദൃശ്യം 2ല്‍ ഈ കഥാപാത്രത്തെ കാണിച്ചിരുന്നില്ല.

മൂന്നാം ഭാഗത്തില്‍ സുരേഷ് ബാബുവിനെ കാണിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ പലരും ഈ കഥാപാത്രത്തെ സംശയത്തോടെയായിരുന്നു നോക്കിയത്. പൊലീസ് ജോലിയില്‍ നിന്ന് വി.ആര്‍.എസ് എടുത്ത സുരേഷ് ബാബു ജോര്‍ജുകുട്ടിയെ അങ്ങോട്ട് പോയി പരിചയപ്പെടുന്നതായാണ് കാണിച്ചത്. ഇത് സംശയത്തിന് ബലം കൂട്ടി.

എന്നാല്‍ പിന്നീട് ജോര്‍ജുകുട്ടിയെ ഓരോ ഘട്ടത്തിലും സുരേഷ് ബാബു സഹായിക്കുന്നുണ്ട്. കല്യാണം മുടക്കുന്നയാളുടെ നമ്പര്‍ സൈബര്‍ സെല്ലില്‍ അന്വേഷിച്ച് അതിനെക്കുറിച്ച് ജോര്‍കുട്ടിയോട് പറയുന്നതും, ഇടക്ക് തളര്‍ന്നുപോകുന്ന ജോര്‍ജുകുട്ടിയെ മോട്ടിവേറ്റ് ചെയ്യുന്നതുമെല്ലാം സുരേഷ് ബാബുവാണ്. അപ്പോള്‍ പോലും ഈ കഥാപാത്രത്തിന് മേലെ ആര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല.

തന്നെ സഹായിക്കുന്നതിന് മുന്നേ ജോര്‍ജുകുട്ടി സുരേഷ് ബാബുവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കുന്നുണ്ട്. സുരേഷ് ബാബുവിന്റെ മകന് സിനിമയില്‍ അവസരം നല്‍കുന്നത് ജോര്‍ജുകുട്ടിയാണ്. ഇന്റര്‍വെല്ലിന് ശേഷം സഹദേവന്‍ രംഗപ്രവേശം ചെയ്യുന്നതും പിന്നീടുള്ള അന്വേഷണവും കാണുമ്പോള്‍ സുരേഷ് ബാബുവും ഇയാളും ഒരു ടീമാണോ എന്ന ചിന്ത പലരിലും ഉണ്ടായി.

സിനിമ അവസാനിക്കുന്നതുവരെ ഈ കഥാപാത്രത്തില്‍ പൂര്‍ണവിശ്വാസം ലഭിച്ചിരുന്നില്ല. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സുരേഷ് ബാബു ചതിക്കാതെ സിനിമ അവസാനിപ്പിച്ചു. പ്രേക്ഷകരെ മിസ്‌ലീഡ് ചെയ്യിക്കാനുള്ള കഥാപാത്രമായിരുന്നു ഇര്‍ഷാദിന്റേതെന്ന് സംശയമില്ലാതെ പറയാം.

Content Highlight: Irshad Ali’s character in Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം