മലയാളി താരം സഞ്ജു സാംസണിന്റെ ഫോം ഔട്ടിന് സെലക്ടര്‍മാരെയാണ് കുറ്റം പറയേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സ്ഥിരതയില്ലാതിരുന്ന താരം മികച്ച രീതിയില്‍ കളിച്ചപ്പോള്‍ ലോവര്‍ ഓര്‍ഡറിലേക്ക് മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇഷാന്‍ കിഷനെ തിരിച്ച് വിളിച്ചതിന് സെലക്ടര്‍മാരെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ സഞ്ജുവിന്റെ കാര്യത്തില്‍ അവരെ കുറ്റപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.
ഇര്‍ഫാന്‍ പത്താന്‍. Photo: Mufaddal Vohra/x.com
‘സഞ്ജു സാംസണ്‍ റണ്‍സ് കണ്ടെത്തിയില്ല. മാനസികവും ടെക്നിക്കലുമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പൊതുവെ ഒരു ബാറ്റര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുക. സ്ഥിരതയില്ലായിരുന്ന സഞ്ജു ഫോമിലെത്തുകയും മൂന്ന് സെഞ്ച്വറികള്‍ നേടുകയും ചെയ്തു. അപ്പോള്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് വേണ്ടി അവനെ ലോവര്‍ ഓര്‍ഡറിലേക്ക് ഇറക്കി.
നമ്മള്‍ ഇഷാന്‍ കിഷന്റെ തിരിച്ച് വരവില്‍ സെലക്ടര്‍മാരെ അഭിനന്ദിക്കുമ്പോള്‍ തന്നെ സഞ്ജുവിന്റെ കാര്യത്തില്‍ അവരെ കുറ്റപ്പെടുത്തുകയും വേണം. മികച്ച സ്‌കോര്‍ കണ്ടെത്തിയ ഒരു പൊസിഷനില്‍ നിന്ന് ഒരു കളിക്കാരനെ മാറ്റി നിര്‍ത്തി മറ്റൊരാളെ കൊണ്ടുവരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതാണ് സഞ്ജുവിന് സംഭവിച്ചതും.
ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച താരങ്ങള്‍ക്കിത് മനസിലാവും. നിങ്ങള്‍ പ്രകടനം നടത്തിയ സ്ഥാനത്തേക്ക് മറ്റൊരു താരത്തെ എടുക്കുമ്പോള്‍ താരങ്ങള്‍ അസ്വസ്ഥനാകുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. നിങ്ങള്‍ ഒരു തെറ്റും ചെയ്തില്ലെങ്കിലും പൊസിഷന്‍ ചോദ്യചിഹ്നമായി തുടരും,’ പത്താന്‍ പറഞ്ഞു.
ഏഷ്യാ കപ്പിനിടെ നഷ്ടമായ ഓപ്പണിങ് സ്ഥാനം തിരികെ കിട്ടിയ ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് ആകെ 46 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു മത്സരത്തില്‍ മാത്രമാണ് മലയാളി വിക്കറ്റ് കീപ്പര്‍ 20+ റണ്‍സ് എടുത്തത്. ബാക്കിയെല്ലാ മത്സരങ്ങളിലും താരം ചെറിയ സ്‌കോറിനാണ് പുറത്തായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പത്താന്റെ പ്രതികരണം.
Content Highlight: Irfan Pathan says selectors to blame for Sanju Samson’s form out