തെഹ്‌രാന്‍: യു.എ.ഇ ഇസ്രഈല്‍ സമാധാന പദ്ധതിക്കു പിന്നാലെ ഇരു രാജ്യങ്ങളും സംയുക്തമായി ഇറാനെതിരെ സൈനിക പദ്ധതിക്കൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചിരുന്നു.

ഇതിനെതിരെ ശക്തമായ പ്രതികരണം ഇറാനില്‍ നിന്നുണ്ടാകുമെന്നാണ് സൂചന. യു.എ.ഇ-ഇസ്രഈല്‍ നീക്കം ഇറാന്റെ ദേശീയ സുരക്ഷയെയും മേഖലയിലെ സുരക്ഷയെയും ബാധിക്കുമെന്നാണ് ഇറാനിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.

‘ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ യു.എ.ഇ സയണിസ്റ്റ് ശത്രുവുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറണം,’ പേരു വെളിപ്പെടുത്താത്ത ഒരു ഇറാനിയന്‍ ഔദ്യോഗിക ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് പറഞ്ഞു.

മിഥ്യാധാരണകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ നയങ്ങളും തീരുമാനങ്ങളുമെടുക്കരുതെന്നും ഇദ്ദേഹം യു.എ.ഇ സര്‍ക്കാരിനോട് പറഞ്ഞു.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക മേഖലകളെ ഇറാനില്‍ നിന്നും സംരക്ഷിക്കാന്‍ ഇസ്രഈലും യു.എ.ഇയും സൈനിക സഹകരണം നടത്തുന്നെന്നായിരുന്നു മൈക് പോംപിയോയുടെ പ്രതികരണം.

‘ യു.എ.ഇയും ഇസ്രഈലും ഇറാനെ വലിയ ഭീഷണിയായി അംഗീകരിക്കുന്നു. അതിനാല്‍ ഈ ഭീഷണി ഒരിക്കലും അമേരിക്കന്‍ തീരത്ത് എത്തുന്നുന്നില്ലെന്നും പശ്ചിമേഷ്യന്‍ മേഖലയിലെ ആരെയും ഉപദ്രവിക്കുന്നില്ലെന്നും ഉറപ്പാക്കുന്നതിന് ഒരു സഖ്യം കെട്ടിപ്പടുക്കാനുള്ള ഒരു പാത അവര്‍് കണ്ടെത്തിയിട്ടുണ്ട്,’ പോംപിയോ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

നേരത്തെ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനിയും വിദേശകാര്യ മന്ത്രാലയവും യു.എ.ഇക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യു.എ.ഇ ചെയ്തത് വലിയ പിഴവാണെന്ന് റുഹാനി ആരോപിച്ചിരുന്നു.’ അവര്‍ (യു.എ.ഇ) കരുതിയിരിക്കുന്നതാണ് നല്ലത്. അവര്‍ ഒരു വലിയ തെറ്റ് ചെയ്തു. വഞ്ചനാപരമായ പ്രവൃത്തി. അവരത് മനസ്സിലാക്കുകയും ഈ തെറ്റായ പാത ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ റുഹാനി പറഞ്ഞു.

ഇസ്രഈലുമായി ഉണ്ടാക്കിയ സമാധാന പദ്ധതിയിലൂടെ യു.എ.ഇ ഇസ്ലാമിക ലോകത്തെ ചതിച്ചെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനേഈയും പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ