അലക്‌സാണ്ടര്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഇറാനിവിടെയുണ്ട്; ഒരു മനോരോഗിയുടെ ഭീഷണിക്ക് ഒന്നും ചെയ്യാനാകില്ല: ട്രംപിനോട് ഇറാന്‍
Iran US Conflict
അലക്‌സാണ്ടര്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഇറാനിവിടെയുണ്ട്; ഒരു മനോരോഗിയുടെ ഭീഷണിക്ക് ഒന്നും ചെയ്യാനാകില്ല: ട്രംപിനോട് ഇറാന്‍
അനിത സി
Tuesday, 7th April 2026, 9:48 pm

ഇസ്താംബൂള്‍: ഒറ്റരാത്രി കൊണ്ട് ഇറാന്‍ നാഗരികതയെ നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാന്റെ മറുപടി.

ഇറാന്റെ അതിപുരാതനമായ നാഗരികതയില്‍ നിന്നും യു.എസിനും സഖ്യകക്ഷികള്‍ക്കും മറക്കാനാകാത്ത ആഘാതം നേരിടേണ്ടി വരുമെന്ന് തുര്‍ക്കിയിലെ ഇറാന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

അലക്‌സാണ്ടറും മംഗോളിയന്മാരും ശ്രമിച്ചിട്ടും ഇറാനെ തകര്‍ക്കാനായിട്ടില്ല. യു.എസ് പ്രസിഡന്റ് ട്രംപിനെ പോലൊരു മനോരോഗിക്കും ഇറാനെ നശിപ്പിക്കാനാകില്ലെന്ന് ഇറാന്‍ എംബസി എക്‌സില്‍ കുറിച്ചു.

‘ഇറാന്റെ പുരാതന നാഗരികതയില്‍ നിന്ന് നിങ്ങള്‍ക്കും നിങ്ങളുടെ സഖ്യകക്ഷികള്‍ക്കും മറക്കാനാവാത്ത ഒരു ആഘാതം നേരിടേണ്ടിവരും. അലക്‌സാണ്ടര്‍ ഇറാനെ കത്തിച്ചു. മംഗോളിയക്കാര്‍ നശിപ്പിച്ചു. ചരിത്രം ഇറാനെ പരീക്ഷിച്ചു.

എന്നിട്ടും ഇറാന്‍ ഇപ്പോഴും ഇവിടെയുണ്ട്. കാലത്തിനെ അവസാനിപ്പിക്കാനാകാത്തതിനെ ഒരു മനോരോഗിയുടെ ഭീഷണിക്ക് അവസാനിപ്പിക്കാനാകില്ല,’ തുര്‍ക്കിയിലെ ഇറാനിയന്‍ എംബസി കുറിച്ചു.

അമേരിക്ക ഇറാന്റെ ഭാഗത്തുനിന്നും വലിയ ആക്രമണം നേരിടേണ്ടിവരുമെന്ന് ദക്ഷിണാഫ്രിക്കയിലെ ഇറാനിയന്‍ എംബസിയും മുന്നറിയിപ്പ് നല്‍കി. ‘ഇറാന്റെ പുരാതന നാഗരികതയില്‍ നിന്ന് നിങ്ങള്‍ക്കും നിങ്ങളുടെ സഖ്യകക്ഷികള്‍ക്കും മറക്കാനാവാത്ത ഒരു ആഘാതം നേരിടേണ്ടിവരും,’ എംബസി എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി.

ഇറാനിനെ പൂര്‍ണമായും നശിപ്പിക്കുന്ന ഒരു ആക്രമണം ഇന്ന് (ചൊവ്വാഴ്ച) രാത്രിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഒരു നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കുമെന്നും അങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടല്ല, പക്ഷെ അതാണ് സംഭവിക്കാന്‍ പോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇറാന്‍ ട്രംപിനെ മനോരോഗിയെന്ന് വിളിച്ചിരിക്കുന്നത്.

‘ഇന്ന് രാത്രി മുഴുവന്‍ ഒരു നാഗരികത മരിക്കും, ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ല. അത് സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കും. എന്നിരുന്നാലും, സമ്പൂര്‍ണമായ ഭരണമാറ്റം നടക്കും.

അവിടെ വ്യത്യസ്തവും ബുദ്ധിപരവുമായ മനസുകള്‍ നിലനില്‍ക്കുന്നു, ഒരുപക്ഷേ വിപ്ലവകരമായി അത്ഭുതകരമായ എന്തെങ്കിലും സംഭവിച്ചേക്കാം, ആര്‍ക്കറിയാം? ലോകത്തിന്റെ ദീര്‍ഘവും സങ്കീര്‍ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമുക്ക് കാണാനാകും.

47 വര്‍ഷത്തെ കൊള്ളയും അഴിമതിയും മരണവും ഒടുവില്‍ അവസാനിക്കുകയാണ്. ഇറാനിലെ മഹാന്മാരെ ദൈവം അനുഗ്രഹിക്കട്ടെ’, ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

Content Highlight: A psychopath can’t do anything, Iran’s Reply to Donald Trump’s Threat

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.