ഭാവിയിലെ പ്രാദേശിക സഖ്യങ്ങളുടെ ഹൃദയഭാഗത്ത് ഇറാനും ചൈനയുമുണ്ടാകും: ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്
World News
ഭാവിയിലെ പ്രാദേശിക സഖ്യങ്ങളുടെ ഹൃദയഭാഗത്ത് ഇറാനും ചൈനയുമുണ്ടാകും: ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്
ആദര്‍ശ് എം.കെ.
Thursday, 18th June 2026, 7:56 am

 

ടെഹ്‌റാന്‍: ഭാവിയില്‍ രൂപംകൊള്ളുന്ന ഏതൊരു പ്രാദേശിക, അന്തര്‍ദേശീയ സഖ്യങ്ങളുടെയും നിര്‍ണായക കേന്ദ്രബിന്ദുക്കള്‍ ഇറാനും ചൈനയുമായിരിക്കുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. ചൈനയെ സംബന്ധിച്ചിടത്തോളം ഇറാന്‍ വെറുമൊരു ഉപഭോക്താവ് മാത്രമല്ല, മറിച്ച് എല്ലാ അര്‍ത്ഥത്തിലുമുള്ള ഒരു പൂര്‍ണ പങ്കാളി ആണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇറാനിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ഇറാന്റെ പ്രത്യേക പ്രതിനിധി കൂടിയായ ഖാലിബാഫ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മേഖലയിലും ആഗോളതലത്തിലും സാമ്പത്തിക സഹകരണം വിപുലീകരിക്കാന്‍ ഇറാന് വലിയ സാധ്യതകളുണ്ടെന്ന് ഖാലിബാഫ് ചൂണ്ടിക്കാട്ടി.

ചൈന ഇറാനെ സംബന്ധിച്ചിടത്തോളം സവിശേഷവും തന്ത്രപ്രധാനവുമായ രാജ്യമാണ്. എന്നാല്‍, ഇറാന്‍ എന്നത് വിശ്വസ്തവും ദീര്‍ഘകാലത്തേക്കുള്ളതുമായ ഒരു പങ്കാളിയാണെന്ന ബോധ്യം ചൈനീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ തങ്ങളുടെ ഭാഗത്തുനിന്ന് കൃത്യമായ സമീപനങ്ങളും സജീവമായ പ്രവര്‍ത്തനങ്ങളും ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാറിവരുന്ന ആഗോള സാഹചര്യങ്ങളില്‍ പുതിയ അന്താരാഷ്ട്ര സഖ്യങ്ങളും ബ്ലോക്കുകളും രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് ഇറാനിയന്‍ വക്താവ് പറഞ്ഞു. ഇത്തരം പുതിയ കൂട്ടായ്മകള്‍ ഇതിനകം തന്നെ ഒരു പരിധിവരെ ലോകത്ത് രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഭാവിയില്‍ ഉയര്‍ന്നുവരുന്ന ഏതൊരു ശക്തമായ ബ്ലോക്കിലും ഒഴിവാക്കാനാവാത്ത രണ്ട് പ്രധാന ശക്തികളായിരിക്കും ചൈനയും ഇറാനുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി സാങ്കേതികവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ തലങ്ങളിലും ഇറാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഖാലിബാഫ് ഉറപ്പുനല്‍കി. എന്നാല്‍, രാജ്യത്തിന്റെ അന്തസ്സും അധികാരവും ഒട്ടും ചോര്‍ന്നുപോകാതെ കാത്തുസൂക്ഷിക്കണം. അനാവശ്യ സംഘര്‍ഷങ്ങളില്‍ നിന്ന് മാറിനിന്നുകൊണ്ട്, യുക്തിസഹമായ പാതയിലൂടെ വേണം ഇറാന്‍ മുന്നോട്ട് പോകാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുമായുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലുള്ള ‘വിന്‍-വിന്‍’ (ഇരുപക്ഷത്തിനും ലാഭകരമായ) സഹകരണത്തോടുള്ള ഇറാന്റെ പ്രതിബദ്ധത ഖാലിബാഫ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആവര്‍ത്തിച്ചു.

ചൈനയുടെ ആഗോള വികസന സംരംഭത്തിന് കീഴിലുള്ള തന്ത്രപരമായ ധാരണകളെ പ്രായോഗികമായ ഫലങ്ങളിലേക്ക് മാറ്റാന്‍ ഇറാന്‍ പൂര്‍ണമായി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ കടുത്ത ഏകപക്ഷീയമായ ഉപരോധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും, അതിനെയെല്ലാം മറികടന്ന് 2022 മാര്‍ച്ചില്‍ ഇറാനും ചൈനയും 25 വര്‍ഷത്തെ സുപ്രധാനമായ സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. രാഷ്ട്രീയം, സംസ്‌കാരം, സുരക്ഷ, സാമ്പത്തികം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശക്തമായ സഹകരണമാണ് ഈ കരാറിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

 

Content Highlight: Iran and China will be at the heart of future regional alliances: Iranian Parliament Speaker Mohammad Baqer Qalibaf

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.