തിരുവനന്തപുരം: ഐ.പി.എല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്. കാവേരി തര്‍ക്കത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സരത്തിന് സജ്ജമാണെന്ന് കെ.സി.എ ബി.സി.സി.ഐയെ അറിയിച്ചു.

ബി.സി.സി.ഐ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും മൂന്ന് ദിവസത്തിനകം വേദിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.


Read Also: നാളത്തെ ദളിത് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തും;ബസ്സുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും: എം.ഡി എ.ഹേമചന്ദ്രന്‍


ഐ.പി.എല്ലിനെതിരെ രജനീകാന്ത് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്‌നത്തിലുള്ള പ്രതിഷേധം ദേശീയ തലത്തില്‍ അറിയിക്കണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് കളിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

ഏപ്രില്‍ 10ന് ചെന്നൈ ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ചെന്നൈയിലെ ആദ്യ മത്സരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വേദി മാറ്റുകയാണെങ്കില്‍ ചെന്നൈയുടെ എല്ലാ മത്സരങ്ങളും തിരുവനന്തപുരത്താവും നടക്കുക.


Read Also: ബംഗാളില്‍ സി.പി.ഐ.എം നേതാവിന്റെ ഭാര്യയെ പൊതുനിരത്തില്‍വെച്ച് ആക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്


കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. സിനിമാ രംഗത്തെ സൂപ്പര്‍ താരങ്ങള്‍ പോലും സമരത്തിനിറങ്ങിയിട്ടുണ്ട്. നടന്‍ വിജയ്, കമല്‍ഹാസന്‍, ധനുഷ്, സൂര്യ, നാസര്‍, വിശാല്‍, ശിവകാര്‍ത്തികേയന്‍, സത്യരാജ് തുടങ്ങിയ വലിയ താരനിര തന്നെ സമര രംഗത്തുണ്ട്. തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് സമരം.