നിലവിലെ റണ്ണേഴ്സപ്പായ പഞ്ചാബ് കിങ്സ് വിജയത്തോടെയാണ് 2026 ഐ.പി.എല്‍ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ശ്രേയസിന്റെ സംഘം മുട്ടുകുത്തിച്ചത്. തങ്ങളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം.
മത്സരത്തില്‍ പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത് അരങ്ങേറ്റക്കാരന്‍ കൂപ്പര്‍ കനോലിയാണ്. 44 പന്തില്‍ പുറത്താകാതെ 72 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അഞ്ച് വീതം സിക്‌സുകളും ഫോറുകളുമാണ് ഓസീസ് ബാറ്റര്‍ അടിച്ചത്. 163. 64 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയാണ് താരം തന്റെ പഞാബിനൊപ്പമുള്ള തന്റെ ആദ്യ ഇന്നിങ്സ് കളറാക്കിയത്.
കൂപ്പര്‍ കനോലി. Photo: IndianPremierLeague/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും കനോലി സ്വന്തമാക്കി. ഐ.പി.എല്‍ അരങ്ങേറ്റ ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ അഞ്ചാമത്തെ താരമെന്ന റെക്കോഡാണ് 22 കാരന്‍ നേടിയത്. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഗ്രെയാം സ്മിത്തിനെ മറികടന്നാണ് താരത്തിന്റെ നേട്ടം.
ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ സ്മിത് തന്റെ അരങ്ങേറ്റത്തില്‍ 71 റണ്‍സ് നേടിയിരുന്നു. ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെയായിരുന്നു ഈ ഇന്നിങ്സ്. ഇപ്പോള്‍ ഇത് പഴങ്കഥയാക്കിയാണ് കനോലി അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്.
കനോലിക്ക് പുറമെ പ്രഭ്സിമ്രാന്‍ സിങ്ങും മികവ് പുലര്‍ത്തി. താരം 24 പന്തില്‍ 37 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 11 പന്തില്‍ 18 റണ്‍സും സ്‌കോര്‍ ചെയ്തു.
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റാഷിദ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, അശോക് ശര്‍മ, കാഗിസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിരയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 27 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്ലര്‍ 33 പന്തില്‍ 38 റണ്‍സും സംഭാവന ചെയ്തു. ഗ്ലെന്‍ ഫിലിപ്‌സ് (17 പന്തില്‍ 25), വാഷിങ്ടണ്‍ സുന്ദര്‍ (16 പന്തില്‍ 18) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
പഞ്ചാബിനായി വൈശാഖ് വിജയ്കുമാര്‍ മൂന്ന് വിക്കറ്റ് പിഴുതു. യൂസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍കോ യാന്‍സെന്‍ ഒരു വിക്കറ്റും നേടി.
Content Highlight: IPL 2026: PBKS vs GT: Cooper Connolly registers fifth highest score in IPL debut innings