ബെംഗളൂരുവിനെ പഞ്ചറാക്കിയ ഇന്നിങ്സ്; മാര്‍ഷിന്റെ അടിയില്‍ കരഞ്ഞ് വൈഭവ്
Cricket
ബെംഗളൂരുവിനെ പഞ്ചറാക്കിയ ഇന്നിങ്സ്; മാര്‍ഷിന്റെ അടിയില്‍ കരഞ്ഞ് വൈഭവ്
ഫസീഹ പി.സി.
Friday, 8th May 2026, 6:41 pm

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സെഞ്ച്വറി നേടിയിരുന്നു. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ താരം 56 പന്തുകളില്‍ നിന്ന് 111 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒമ്പത് വീതം സിക്‌സുകളും ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 198.21 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഓസീസ് ഓപ്പണര്‍ ബാറ്റ് ചെയ്തത്.

ഇതോടെ മാര്‍ഷ് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഐ.പി.എല്ലില്‍ ആദ്യ 25 ഇന്നിങ്സുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഓസീസ് ക്യാപ്റ്റന്‍ തന്റെ പേരില്‍ കുറിച്ചത്. 62 സിക്‌സുകള്‍ നേടിയാണ് താരത്തിന്റെ ഈ നേട്ടം.

മിച്ചല്‍ മാര്‍ഷ്. Photo: IndianPremierLeague/x.com

വൈഭവ് സൂര്യവംശിയെ മറികടന്നാണ് മാര്‍ഷിന്റെ മുന്നേറ്റം. വൈഭവിന് 61 സിക്‌സുകളാണുള്ളത്. എന്നാല്‍, താരം ഇതുവരെ ടൂര്‍ണമെന്റില്‍ 17 ഇന്നിങ്സുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെന്നത് ഇതിനോട് ചേര്‍ത്ത് വെക്കണം.

ഐ.പി.എല്ലില്‍ 25 ഇന്നിങ്സുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഓപ്പണര്‍മാര്‍, സിക്‌സുകള്‍

ക്രിസ് ഗെയ്ല്‍ – 65

മിച്ചല്‍ മാര്‍ഷ് – 62

വൈഭവ് സൂര്യവംശി – 61

ഡ്വെയ്ന്‍ സ്മിത്ത് – 53

റിഷബ് പന്ത്. Photo: IndianPremierLeague/x.com

മത്സരത്തില്‍ മാര്‍ഷിന് പുറമെ, നിക്കോളാസ് പൂരനും റിഷബ് പന്തും ഭേദപ്പെട്ട പ്രകടനം നടത്തി. പൂരന്‍ 23 പന്തില്‍ 38 റണ്‍സും പന്ത് പത്ത് പന്തില്‍ പുറത്താവാതെ 32 റണ്‍സും സംഭാവന ചെയ്തു.

ലഖ്നൗവിന്റെ അടുത്ത മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് മെയ് പത്തിനാണ്. ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍. സി.എസ്.കെയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2026: Mitchell Marsh became second batter to most sixes in IPL as opener after 25 innings

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി