2026 ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുകയാണ്. 14 ഓവറുകൾ പിന്നിടുമ്പോൾ മുംബൈ ഇന്ത്യൻസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തിട്ടുണ്ട്.
41 പന്തിൽ 80 റൺസെടുത്ത റയാൻ റിക്കിൽട്ടണും ആറ് പന്തിൽ 12 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്. ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.
മത്സരത്തിൽ മുംബൈക്കായി തകർപ്പൻ ബാറ്റിങ്ങാണ് സൂപ്പർ താരം രോഹിത് ശർമ നടത്തിയത്. അർധ സെഞ്ച്വറി നേടിയായിരുന്നു താരത്തിന്റെ താണ്ഡവം.
വൈഭവ് അറോറയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോൾ 38 പന്തിൽ 78 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ആറ് വീതം സിക്‌സും ഫോറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 205. 26 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
രോഹിത് ശർമ. Photo: IndianPremierLeague/x.com
ഈ ഇന്നിങ്സിനിടെ ഒരു സൂപ്പർ നേട്ടവും രോഹിത് സ്വന്തമാക്കി. ടി – 20 ക്രിക്കറ്റിൽ 550 സിക്സ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഓപ്പണർ തന്റെ പേരിൽ ചാർത്തിയത്. മത്സരത്തിൽ മൂന്നാമത്തെ സിക്സ് അടിച്ചതോടെയാണ് താരത്തിന്റെ ഈ നേട്ടം.
464 ടി – 20 മത്സരങ്ങളിൽ കളിച്ചാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യ, ഇന്ത്യ എ, ഡെക്കാൻ ചാർജേഴ്സ്, ഇന്ത്യൻസ്, മുംബൈ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കായി കളത്തിലിറങ്ങിയാണ് താരം ഇത്രയും സിക്സുകൾ തന്റെ അക്കൗണ്ടിലേക്ക് ചേർത്തത്.
ഇതിനൊപ്പം ഈ നാഴികക്കല്ലിലെത്തുന്ന ഒമ്പതാമത്തെ ക്രിക്കറ്റർ എന്ന നേട്ടവും രോഹിത് തന്റെ പേരിലാക്കി. ക്രിസ് ഗെയ്ൽ, കിറോൺ പൊള്ളാർഡ്, ആന്ദ്രേ റസൽ, നിക്കോളാസ് പൂരൻ, അലക്സ് ഹെയ്ൽസ്, ജോസ് ബട്ലർ, കോളിന് മൺറോ, ഗ്ലെൻ മാക്സ് വെൽ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
നേരത്തെ, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് പടുത്തുയർത്തിയിരുന്നു. ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും യുവതാരം അംഗ്രിഷ് രഘുവംശിയുടെയും അർധ സെഞ്ച്വറി കരുത്തിലാണ് ടീം സ്കോർ 200 കടത്തിയത്.
Innings Break!
Half-centuries by Captain Ajinkya Rahane and Angkrish Raghuvanshi led @KKRiders‘ effort 🔝
രഹാനെ 40 പന്തിൽ 67 റൺസെടുത്ത് മത്സരത്തിൽ കൊൽക്കത്തയുടെ ടോപ് സ്കോറായി. രഘുവംശി 29 പന്തിൽ 51 റൺസാണ് എടുത്തത്. ഒപ്പം ഫിൻ അലൻ (17 പന്തിൽ 37) റിങ്കു സിങ് (21 പന്തിൽ 33*) എന്നിവരും മികച്ച പ്രകടനം നടത്തി.