മിന്നി തിളങ്ങി അഭിഷേക്; അടിച്ച് കയറിയത് വാർണർ വാഴുന്ന എലീറ്റ് ലിസ്റ്റിലേക്ക്
Cricket
മിന്നി തിളങ്ങി അഭിഷേക്; അടിച്ച് കയറിയത് വാർണർ വാഴുന്ന എലീറ്റ് ലിസ്റ്റിലേക്ക്
ഫസീഹ പി.സി.
Monday, 18th May 2026, 10:54 pm

2026 ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഹൈദരാബാദ് 12 ഓവറുകൾ പിന്നിടുമ്പോൾ രണ്ട് വിക്കറ്റിന് 98 റൺസെടുത്തിട്ടുണ്ട്. ഹെൻറിക് ക്ലാസൻ (19 പന്തിൽ 33), ഇഷാൻ കിഷൻ (26 പന്തിൽ 32) എന്നിവരാണ് ക്രീസിലുള്ളത്.

ഓപ്പണർ അഭിഷേക് ശർമ ഭേദപ്പെട്ട പ്രകടനം നടത്തിയാണ് തിരികെ നടന്നത്. 21 പന്തിൽ 26 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഒരു സിക്‌സും മൂന്ന് ഫോറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഇന്നിങ്‌സോടെ ഇടം കൈയ്യൻ ബാറ്റർ തന്റെ ഈ സ്കോർ 507 ആയി ഉയർത്തി.

അഭിഷേക് ശർമ. Photo: IndianPremierLeague/x.com

ഇതോടെ ഒരു എലീറ്റ് ലിസ്റ്റിലും അഭിഷേക് ഇടം പിടിച്ചു. ഐ.പി.എല്ലിൽ ഒരു സീസണിൽ 500+ റൺസ് നേടുന്ന ഹൈദരാബാദ് താരങ്ങളുടെ ലിസ്റ്റിലാണ് ഓപ്പണർ തന്റെ പേര് എഴുതി ചേർത്തത്. എസ്. ആർ.എച്ചിനായി ഒരു സീസണിൽ 500 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആറാമത്തെ താരമാണ് അഭിഷേക്.

ഡേവിഡ് വാർണർ, ശിഖർ ധവാൻ, കെയ്ൻ വില്യംസൺ, ഹെഡ്, ഹെൻറിക് ക്ലാസൻ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവർ. ഇതിൽ വാർണർ ആറ് സീസണുകളിൽ 500+ റൺസ് നേടിയിട്ടുണ്ട്.

അതേസമയം, മത്സരത്തിൽ അഭിഷേകിന് പുറമെ ട്രാവിസ് ഹെഡിന്റെയും വിക്കറ്റും ഹൈദരാബാദിന് നഷ്ടമായി. ആറ് പന്തിൽ ആറ് റൺസ് മാത്രം എടുത്താണ് താരത്തിന്റെ മടക്കം. മുകേഷ് ചൗധരിയാണ് താരത്തെ പുറത്താക്കിയത്.

ഡെവാൾഡ് ബ്രെവിസ്. Photo: Chennai Super Kings/x.com

നേരത്തെ ബാറ്റ് ചെയ്ത ചെന്നൈ നിരയിൽ ഡെവാൾഡ് ബ്രെവിസ് 27 പന്തിൽ 44 റൺസെടുത്ത് ടോപ് സ്കോററായി. താരത്തിനൊപ്പം കാർത്തിക് ശർമ (19 പന്തിൽ 32), സഞ്ജു സാംസൺ (13 പന്തിൽ 27) ശിവം ദുബെ (23 പന്തിൽ 26) എന്നിവർ മികവ് പുലർത്തി.

ഹൈദരാബാദിനായി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സാകിബ് ഹുസൈൻ രണ്ട് വിക്കറ്റും നേടി. ഇഷാൻ മലിംഗയും പ്രഫുൽ ഹിംഗെയും ഓരോ വിക്കറ്റുകൾ വീതമെടുത്തു.

Content Highlight: IPL 2026: CSK vs SRH: Abhishek Sharma became sixth batter to score 500+ runs for SRH in an IPL season

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി